ഇന്‍ഡോര്‍: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ എന്ന നിലയില്‍ നയിച്ച 16 മത്സരങ്ങളില്‍ ഒന്‍പതിലും ടീം ഇന്ത്യ വിജയിച്ചപ്പോള്‍ അതിവേഗം നേട്ടങ്ങളിലേക്ക് മുന്നേറുകയാണ് വിരാട് കൊഹ്‌ലി. ഒരു മത്സരം കൂടി ഇന്ത്യ കൊഹ്‌ലിക്ക് കീഴില്‍ വിജയിച്ചാല്‍ ഒന്‍പത് ജയങ്ങളെന്ന മുന്‍ നായകന്‍മാരായ ടൈഗര്‍ പട്ടോടിയുടെയും, സുനില്‍ ഗാവസ്ക്കറിന്റെയും റെക്കോര്‍ഡ് കൊഹ്‌ലി മറികടക്കും

ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ ധോനി നായകസ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് കൊഹ്‌ലി ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. ശ്രീലങ്കക്ക് എതിരെയാണ് കൊഹ്‌‌ലി പൂര്‍ണ സമയ ക്യാപ്റ്റനായി ആദ്യ പരമ്പരയ്ക്കിറങ്ങിയത്. പരമ്പര ജയത്തോടെ തുടങ്ങിയ കൊഹ്‌ലിയുടെ ഗ്രാഫ് പിന്നിട് മുകളിലേക്കായിരുന്നു. കൊഹ്‌ലിക്ക് കീഴില്‍ കളിച്ച 16 ടെസ്റ്റില്‍ ഒന്‍പതിലും ഇന്ത്യ ജയം നേടി. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. രണ്ട് തോല്‍വി. ഇതില്‍ സ്വന്തം മണ്ണില്‍ കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ച് ടെസ്റ്റിലും ജയം കൊഹ്‌ലിക്കൊപ്പമായിരുന്നു. ഇതിനിടെ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്ക് നേടിക്കൊടുത്തു.

ഈ നേട്ടങ്ങളില്‍ കൊഹ്‌ലിയുടെ പ്രതികരണം ആരഞ്ഞപ്പോള്‍ ഇന്ത്യന്‍ നായകന്‍ തന്റെ നയം വെളിപ്പെടുത്തി. ഒരു തീരുമാനമെടുത്താല്‍ പിന്നോട്ടില്ല.വിജയമോ പരാജയമോ അതില്‍ അതില്‍ ഉറച്ച് നില്‍ക്കും ഉത്തരവാദിത്വം ഏറ്റെടുക്കും.ഇതില്‍ താന്‍ മാതൃകയാക്കുന്നതെന്ന് ധോണിയെ തന്നെയാണെന്നും കൊഹ‌‌്‌ലി തുറന്ന് സമ്മതിക്കുന്നു.

ഇന്ത്യയുടെ ടെസ്റ്റ് കുപ്പായം താന്‍ സ്വപ്നം കണ്ടതാണ്.പിന്നീട് ടീമിന്റെ നായകനായി നേട്ടങ്ങള്‍ താന്‍ ആസ്വദിക്കുന്നു.സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ ശേഷിയുള്ളവരാക്കി ടീം അംഗങ്ങളെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും എല്ലാവരിലും ഒരു ക്യാപറ്റനെ താന്‍ കാണുന്നുവെന്നും കൊഹ്‌ലി പറയുന്നു. ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റാണ് തനിക്ക് നയിക്കാനുള്ള കഴിവുണ്ടെന്ന വിശ്വാസം ഉറപ്പിച്ചതെന്നും കൊഹ്‌ലി പറഞ്ഞു.

ആകെ ജയങ്ങളുടെ കണക്കെടുത്താല്‍ മുന്‍പേ നടന്ന ധോണിയുടെയും ഗാംഗുലിയുടെയും നേട്ടങ്ങള്‍ക്കൊപ്പം എത്താന്‍ ഇനിയും കൊഹ്‌ലിക്ക് കാത്തിരിക്കണം. എന്നാല്‍ ഇത്രയും കുറഞ്ഞ മത്സരങ്ങളില്‍ ഈ നേട്ടം കൊഹ്‌ലിക്ക് മാത്രം അവകാശപ്പെട്ടതാണ്.