ദില്ലി: വിവാഹത്തിന് ശേഷം വരന്റെ കുടുംബത്തിലേയ്ക്കാണ് സാധാരണ വധുക്കള്‍ പോകുന്നത്. ജനിച്ചു വളര്‍ന്ന വീടും മാതാപിതാക്കളും സുഹൃത്തുക്കളെയുമൊക്കെ മിക്കപ്പോഴും വിവാഹത്തിന് ശേഷം അന്യരാവുന്ന സംഭവങ്ങളും പതിവാണ്. ഇതില്‍ നിന്ന് മാറി ചിന്തിക്കാന്‍ സാധാരണയായി ആരും ശ്രമിക്കാറുമില്ല. 

എന്നാല്‍ വിവാഹത്തിന് ശേഷം ജീവിതത്തില്‍ പുരുഷന്മാര്‍ക്ക് കോലി നല്‍കുന്നത് പുതിയൊരു മാതൃകയാണ്. സാധാരണ വിവാഹിതയാവുന്ന പെണ്‍കുട്ടി വരന്റെ വീട്ടിലേയ്ക്ക് പോകുന്നതാണ് പതിവ്. ജോലിയുള്ള മിക്ക നവവധുമാരും തങ്ങളുടെ ജോലി വരെ ഉപേക്ഷിച്ച് വരന്റെ വീട്ടിലേയ്ക്ക് പോകേണ്ടി വരാറുണ്ട്. എന്നാല്‍ ഈ സമ്പ്രദായത്തില്‍ ഒരു ചുവട് കൂടി മുന്നിലേയ്ക്ക് ചിന്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍.

ബോളിവു‍ഡിലെ പ്രമുഖ നടി കൂടിയായ ഭാര്യയുടെ സൗകര്യാര്‍ത്ഥം കോലി മുംബൈയിലേക്ക് താമസം മാറുന്നു. മുംബൈയിലെ വറ്ലിയിലേക്കാണ് കോലി താമസം മാറുന്നത്. ദില്ലിയില്‍ നിന്നും മുബൈയിലേക്കുള്ള കോലിയുടെ താമസം മാറം അനുഷ്ക അഭിനയത്തില്‍ തുടരുമെന്നതിനുള്ള കൃത്യമായ സൂചനയാണ് നല്‍കുന്നതും. താരജോഡിയുടെ അടുത്ത വൃത്തങ്ങളാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ വച്ച് സ്വകാര്യ ചടങ്ങിലാണ് കോലിയും അനുഷ്കയും വിവാഹിതരായത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഡിസംബര്‍ 21 ന് ദില്ലിയില്‍ വിരുന്ന് ഒരുക്കുമെന്നും താര ദമ്പതികള്‍ പ്രതികരിച്ചു.