ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് 30-ാം ജന്‍മദിനം. സമകാലിക ക്രിക്കറ്റ് ജീനിയസിന് ട്വിറ്ററില്‍ ആശംസാപ്രവാഹം. ആരാധകര്‍ക്ക് പുറമെ ഇതിഹാസ താരങ്ങളും സഹതാരങ്ങളും..
ദില്ലി: 'കിംഗ് കോലി' എന്ന് ക്രിക്കറ്റ് പ്രേമികള്‍ വിളിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഇന്ന് മുപ്പതാം പിറന്നാള്‍. ജന്‍മദിനത്തില്‍ ഇന്ത്യന്‍ റണ്‍ മെഷീന് ആശംസാപ്രവാഹമാണ് ലഭിക്കുന്നത്. ആരാധകര്‍ക്ക് പുറമെ ഇതിഹാസ താരങ്ങളും സഹ താരങ്ങളും അടങ്ങുന്ന വലിയ താരനിര കോലിക്ക് ആശംസകള്‍ നേര്‍ന്നു.
കരിയറിലെ മികച്ച വര്‍ഷത്തിലൂടെയാണ് കോലി കടന്നുപോകുന്നത്. ഏകദിനത്തില്‍ വേഗതയില്‍ 10,000 റണ്‍സ് നേടി സച്ചിനെ പിന്നിലാക്കിയതാണ് ഇതില്‍ ശ്രദ്ധേയമായ നേട്ടം. ഏകദിന സെഞ്ചുറികളുടെ എണ്ണം 38ല്‍ എത്തിക്കാന്‍ കോലിക്കായി. തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടിയും കോലി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു.
ഈ വര്‍ഷം 10 ടെസ്റ്റുകളില്‍ 59.05 ശരാശരിയില്‍ 1,063 റണ്‍സ് കോലി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 14 മത്സരങ്ങളില്‍ നിന്ന് 133.55 ശരാശരിയില്‍ 1,202 റണ്‍സും കോലി അടിച്ചെടുത്തു. ആറ് സെഞ്ചുറികളും മൂന്ന് അര്‍ദ്ധ സെഞ്ചുറികളും ഇതിലുള്‍പ്പെടുന്നു.
