ദില്ലി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റില്‍ വിശദീകരണവുമായി ക്രിക്കറ്റ്താരം വിരേന്ദര്‍ സെവാഗ്. ആരേയും പരിഹസിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും ഗുല്‍മെഹറിന്റെ പോസ്റ്റിനെ സരസമായി അവതരിപ്പിക്കുക എന്നുമാത്രമെ ഉദ്ദേശിച്ചുള്ളൂവെന്നും അല്ലാതെ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നില്ലെന്നും സെവാഗ് പറഞ്ഞു.
ഗുല്‍മെഹറിന്റെ അഭിപ്രായത്തോടുള്ള യോജിപ്പോ വിയോജിപ്പോ അതിലൊരു ഘടകമായിരുന്നില്ല. അഭിപ്രായം പറയാനുള്ള അവകാശം ഗുര്‍മെഹര്‍ കൗറിനുണ്ട്- സെവാഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഗുര്‍മെഹറിനെതിരെ ഉണ്ടായ മാനഭംഗഭീഷണി തരംതാണ നടപടിയാണെന്നും സെവാഗ് കുറ്റപ്പെടുത്തി. ഭീഷണിയും ഭയവുമില്ലാതെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അത് ഗുല്‍മെഹറായാലും ഫോഗട്ട് സഹോദരിമാരായാലും-സെവാഗ് വ്യക്തമാക്കി.
കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹര്‍ കൗര്‍ തന്റെ അച്ഛനെ കൊന്നത് പാകിസ്ഥാനല്ലെന്നും യുദ്ധമാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 1999-ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്‌റ്റന്‍ മന്‍ദീപ് സിങ്ങിന്റെ മകളാണ് ഗുര്‍മെഹര്‍ കൗര്‍. ഇതിന് മറുപടിയായി, രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് താനല്ലെന്നും തന്റെ ബാറ്റാണെന്നുമുള്ള സെവാഗിന്റെ പോസ്റ്റ് വിവാദമായിരുന്നു. ഇതു വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കായി.
സെവാഗ് രാഷ്‌ട്രീയം കളിക്കുന്നു എന്നായിരുന്നു വിമര്‍ശകരുടെ ആരോപണം. സെവാഗിന് അനുകൂലമായ സന്ദേശങ്ങളും ഏറെയുണ്ടായി. "ആളുകളെ കൊന്നൊടുക്കിയത് ഒസാമ ബിന്‍ ലാദനല്ല, ബോംബാണ്", "മാനുകളെ കൊന്നത് സല്‍മാന്‍ ഖാനല്ല, വെടിയുണ്ടയാണ്" തുടങ്ങിയ സന്ദേശങ്ങളാണ് സെവാഗിനു പിന്തുണയുമായി പ്രചരിച്ചത്.
