ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പത്താം സീസണ്‍ തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ നായകന്‍ ധോനിയെ പൂനെ ടീമിന്റെ നായക സ്ഥാനത്തു നിന്നും നീക്കിയതില്‍ ഏറ്റവും കുടുതല്‍ സന്തോഷം വീരേന്ദ്ര സെവാഗിന്. ഐപിഎല്‍ ടീമിന്റെ നായകസ്ഥാനത്തു നിന്നും ധോനിയെ നീക്കിയ ശേഷം ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തിനെയാണ് പൂനെ ടീം നായകനാക്കിയിരിക്കുന്നത്.

ഇക്കാര്യം ചോദിച്ചപ്പോള്‍ ധോനിയെ ഐപിഎല്‍ ടീം നായകസ്ഥാനത്തു നിന്നും മാറ്റിയതിലുള്ള ഏറ്റവും വലിയ സന്തോഷം വീരു തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. ഇക്കാര്യം ചോദിച്ചപ്പോള്‍ ധോനിയെ മാറ്റിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തനിക്കാണെന്നും തന്റെ ടീമിന് പൂനെയെ തോല്‍പ്പിക്കാന്‍ കഴിയുമല്ലോ എന്നുമായിരുന്നു വീരുവിന്റെ തമാശ കലര്‍ന്ന മറുപടി. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ തലവനാണ് വീരേന്ദ്ര സെവാഗ്. 

അതേസമയം തന്നെ ഇത് ഫ്രാഞ്ചൈസിയുടെ ആഭ്യന്തര കാര്യമാണെന്നും മാറ്റിയെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച നായകനാണ് ധോനിയെന്നും വീരു പറഞ്ഞു. കഴിഞ്ഞ ഒമ്പതു സീസണിലും നായക സ്ഥാനത്ത് ഉണ്ടായിരുന്ന ധോനി ഇതാദ്യമായിട്ടാണ് നായകന്റെ ഭാരമില്ലാതെ ഐപിഎല്‍ കളിക്കുന്നത്. 2008 മുതല്‍ 2015 വരെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നായകനായിരുന്ന ധോനി ചെന്നൈ തകര്‍ന്ന ശേഷം പൂനെയുടെ നായകനായിട്ടാണ് കഴിഞ്ഞ സീസണില്‍ കളിച്ചത്.

അതേസമയം പൂനെ സൂപ്പര്‍ജയന്റ്‌സിന് കളിഞ്ഞ സീസണില്‍ കാര്യമായ വിജയം നേടാന്‍ കഴിഞ്ഞുമില്ല. ഏഴാം സ്ഥാനത്തായി പോയ അവര്‍ വെറും അഞ്ചു ജയം മാത്രമാണ് നേടിയത്. നായകന്‍ എന്നതിന് പുറമേ വ്യക്തിപരമായ കാര്യത്തിലും ധോനി പരായജമായിരുന്നു. 14 മത്സരങ്ങളില്‍ വെറും 284 റണ്‍സ് മാത്രം നേടിയ താരം ഒരു സീസണില്‍ ഏറ്റവും കുറവ് റണ്‍സ് നേടിയതും ഈ സീസണിലായിരുന്നു. ഒരു അര്‍ദ്ധശതകം മാത്രമായിരുന്നു ഈ കാലയളവില്‍ നേടിയതും.