ദില്ലി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം വീരേന്ദര്‍ സെവാഗ് ഏറ്റവും കൂടുതല്‍ തരംഗമുണ്ടാക്കിയത് സോഷ്യല്‍ മീഡിയയിലായിരുന്നു. പ്രത്യേകിച്ചും ട്വിറ്ററില്‍. വീരുവിന്റെ ആശംസകളും വെല്ലുവിളികളും ട്വിറ്ററിലെ ട്രെന്‍ഡിംഗ് ടോപ്പിക്കുകളും വാര്‍ത്തകളുമായി. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് ബ്രോസ്നന്‍ വരെയുള്ളവരെ വീരു ട്വിറ്ററില്‍ ട്രോളിയപ്പോള്‍ കൈയടിക്കാന്‍ ക്രിക്കറ്റ് ലോകം ഒന്നാകെയുണ്ടായിരുന്നു. ഈപിന്തുണയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് സെവാഗ് ഇനി യുട്യൂബിലും അരങ്ങേറുകയാണ്.
ഇതിനായി വീരു തുടങ്ങിയ Virugyaan എന്ന യുട്യൂബ് ചാനലിന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി മുതല്‍ യുരാജ് സിംഗ് വരെ ആരാധകരായുണ്ട്. കളിക്കുശേഷമുള്ള വിലയിരുത്തലുകലാണ് പ്രധാനമായും വീരു നടത്തുന്നത്. ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളുടെ വിലിയരുത്തലാണ് ആദ്യ വീഡിയോ. ക്രിക്കറ്റിലെ ഹേരാ ഫേരിയാണ് വീരുവിന്റെ ഷോയെന്നാണ് വിരാട് കൊഹ്‌ലിയുടെ അഭിപ്രായം.
ബൗണ്ടറികളടിക്കാന്‍ ഇഷ്ടപെട്ടുന്ന വീരു ചിലപ്പോള്‍ നാക്കുകൊണ്ടും ബൗണ്ടറി നേടുമെന്നായിരുന്നു യുവിയുടെ അഭിപ്രായം.
എന്തായാലും ട്വിറ്ററില്‍ സൃഷ്ടിച്ച തരംഗം യുട്യൂബിലും സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സെവാഗ്.

