ജോഹന്നാസ് ബര്‍ഗ്: ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടന്ന പിച്ച് മോശമാണെന്ന് വിലയിരുത്തി ഐസിസിയും. പിച്ച്, ഔട്ട്ഫീൽഡ് വിലയിരുത്തൽ റിപ്പോർട്ടിൽ വാൻഡറേഴ്സിന് ഐസിസി നെഗറ്റീവ് പോയന്‍റാണ് നല്‍കിയിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യ 63 റൺസിനു ജയിച്ചിരുന്നു റിപ്പോർട്ടിൽ ടെസ്റ്റ് ഇടയ്ക്കു വച്ച് ഉപേക്ഷിക്കുന്ന കാര്യം അംപയർമാർ ആലോചിച്ചിരുന്നതായും പറയുന്നുണ്ട്. 296 ഓവറിൽ 805 റൺസ് നേടുന്നതിനിടെയാണ് 40 വിക്കറ്റുകൾ വാൻഡേഴ്സിൽ വീണത്.

ഇരു ടീമിലേയും ബാറ്റ്സമാൻമാരും പന്തുകൾ നേരിടാൻ വിയർക്കുകയായിരുന്നു. പന്തുകൾക്ക് അപ്രതീക്ഷിത കുതിപ്പും ബൗൺസുമായിരുന്ന പിച്ചിൽ താരങ്ങളിൽ പലർക്കും പരുക്കേറ്റു. ഇരുടീമിന്റെയും മെഡിക്കൽ സംഘം പലവട്ടം ഗ്രൗണ്ടിലെത്തി കളിക്കാരെ ശുശ്രൂഷിക്കേണ്ടി വന്നു. – ഐസിസി എലീറ്റ് പാനൽ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ ബോ​ളിം​ഗിന്റെ കുന്തമുനയായ ജസ്പ്രീത് ബുംമ്രയുടെ ബൗൺസറുകളിലൊന്ന് ദക്ഷിണാഫ്രിക്കൻ താരം ഡീൻ എൽഗാറിന്റെ ഹെൽമെറ്റിൽ കൊണ്ടതിനെത്തുടർന്ന് മൂന്നാം ദിനം അംപയർമാർ കളിനിർത്തിവച്ചിരുന്നു. ഗ്രൗണ്ടിൽ കളിക്കാരുടെ സുരക്ഷയ്ക്ക് അംപയർമാർ ഉത്തരവാദികളാണ്. അംപയർമാർ ഗൗരവമായി ആലോചിച്ച ശേഷമാണു കളി പുനരാരംഭിച്ചതെന്നും പൈക്രോഫ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.