ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍മാരായ വസീം അക്രമും വഖാര്‍ യൂനിസും ട്വിറ്റര്‍ പോരില്‍. 1999ലെ ദില്ലി ടെസ്റ്റില്‍ അനില്‍ കുംബ്ലെയ്ക്ക് പത്ത് വിക്കറ്റ് നേട്ടം നല്‍കാതിരിക്കാന്‍ വഖാര്‍ യൂനിസ് ശ്രമിച്ചുവെന്ന വസീം അക്രത്തിന്റെ വെളിപ്പെടുത്തലാണ് പോരിന് കാരണം.
1999 ഫെബ്രുവരി ഏഴിനായിരുന്നു അനില്‍ കുംബ്ലെയുടെ അത്യപൂര്‍വമായ പെര്‍ഫെക്ട് ടെന്‍ നേട്ടം. പാകിസ്ഥാന്‍ ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റും കുംബ്ലെയ്ക്ക്. കുംബ്ലെയ്ക്ക് പത്തില്‍ പത്തെന്ന സ്വപ്നനേട്ടം നല്‍കാതിരിക്കാന്‍ അവസാന ബാറ്റ്‌സ്മാനായ വഖാര്‍ യൂനിസ് ശ്രമിച്ചുവെന്നാണ് അന്നത്തെ ക്യാപ്റ്റന്‍ വസീം അക്രത്തിന്റെ വെളിപ്പെടുത്തല്‍. റെക്കോര്‍ഡ് നല്‍കാതിരിക്കാന്‍ റണ്ണൗട്ടായോലോ എന്ന് വഖാര്‍ ചോദിച്ചു. കുംബ്ലെയ്ക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ പത്ത് വിക്കറ്റ് നേട്ടം തടയാനാവില്ലെന്നും തന്റെ വിക്കറ്റ് നല്‍കില്ലെന്നുമാണ് അക്രം അന്ന് മറുപട് നല്‍കിയത്.
അക്രത്തെ പുറത്താക്കി തന്നെ കുംബ്ലെ റെക്കോര്‍ഡ് സ്വന്തമാക്കി. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും പ്രായം കൂടിയപ്പോള്‍ അക്രത്തിനുണ്ടായ തോന്നലാണിതെന്നും ട്വിറ്ററിലൂടെ വഖാര്‍ മറുപടി നല്‍കി. സത്യം സമ്മതിക്കണമെന്നായിരുന്നു അക്രത്തിന്റെ മറുപടി.
