പരമ്പരയ്ക്ക് മുന്‍പ് ഓസീസിന് മുന്നറിയിപ്പുമായി പേസര്‍ മുഹമ്മദ് ഷമി. രണ്ട് സൂപ്പര്‍ താരങ്ങളുടെ അഭാവം ഓസ്‌ട്രേലിയയ്ക്ക് ക്ഷീണം ചെയ്യുമെന്നാണ് ഷമി പറയുന്നത്...
മുംബൈ: ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് ഓസീസിന് മുന്നറിയിപ്പുമായി പേസര്‍ മുഹമ്മദ് ഷമി. വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്‍റെയും മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെയും അഭാവം ഓസീസിന് തിരിച്ചടിയാകുമെന്ന് ഷമി വ്യക്തമാക്കി. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വാര്‍ണറും സ്‌മിത്തും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക് നേരിടുകയാണ്.

ഓസീസ് പര്യടനത്തിന് മുന്‍പ് ഇന്ത്യയുടെ പേസ് മുന്നണി ലൈനും ലെങ്തും ഉറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഷമി പറയുന്നു. ഇംഗ്ലണ്ടില്‍ പേസര്‍മാര്‍ മികവ് കാട്ടിയിരുന്നു. നിരവധി വീഡിയോകള്‍ കണ്ട് ഓസീസിനെ മെരുക്കാനുള്ള ശ്രമത്തിലാണ്. മികച്ച പ്രകടനം പുറത്തെടുക്കാനാണ് എപ്പോഴും ശ്രമിക്കാറ്. ജയവും തോല്‍വിയും ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. എന്നാല്‍ 100 ശതമാനം ആത്മാര്‍ത്ഥത പുറത്തെടുക്കുമെന്നും വിജയിക്കാനാകുമെന്നും ഷമി പ്രതീക്ഷ പ്രകടിപ്പിച്ചു.

നവംബര്‍ 21ന് മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുന്നത്. ഡിസംബര്‍ ആറിന് അഡ്‌ലെയ്‌ഡിലാണ് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും.
