ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്‌ക്കുവേണ്ടി അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദറിന് അപൂര്‍വ്വ നേട്ടം. ടി20യിൽ ഇന്ത്യയ്‌ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് വാഷിങ്ടണ്‍ സുന്ദര്‍ സ്വന്തമാക്കിയത്. ഇന്ന് ടീം ഇന്ത്യയുടെ ജഴ്‌സി ധരിച്ച് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോള്‍ 18 വയസും 80 ദിവസവും മാത്രമായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്റെ പ്രായം. ഇക്കാര്യത്തിൽ ദില്ലിക്കാരൻ റിഷഭ് പന്തിന്റെ റെക്കോര്‍ഡാണ് വാഷിങ്ടണ്‍ സുന്ദര്‍ മറികടന്നത്. 2017 ഫെബ്രുവരി ഒന്നിന് ഇംഗ്ലണ്ടിനെതിരെ അരങ്ങേറുമ്പോള്‍ 19 വയസും 120 ദിവസവുമായിരുന്നു റിഷഭ് പന്തിന്റെ പ്രായം. ഈ പട്ടികയിൽ ഇഷാന്ത് ശര്‍മ്മ മൂന്നാമതും സുരേഷ് റെയ്ന നാലാമതും രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്തുമാണ്. മലയാളി താരം സഞ്ജു വി സാംസണ്‍ ഈ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 2015 ജൂലൈ 19ന് സിംബാബ്‌വെയ്ക്കെതിരെ ആദ്യ ടി20 കളിക്കുമ്പോള്‍ 20 വയസും 250 ദിവസവുമായിരുന്നു സഞ്ജുവിന്റെ പ്രായം.