മുംബൈ: ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ബാറ്റ്സ്മാനായിരുന്നു ഒരു കാലത്ത് വസീം ജാഫര്‍. എന്നാല്‍ ദേശീയ ടീമില്‍ കാര്യമായ പരിഗണന ലഭിക്കാതെ പോയ താരം ആഭ്യന്തര ക്രിക്കറ്റില്‍ മാത്രമായി ഒതുങ്ങി. എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ജാഫര്‍ റണ്‍വേട്ട തുടര്‍ന്നു. ഒമ്പത് രഞ്ജി ട്രോഫി കിരീടങ്ങള്‍ സ്വന്തം പേരിലുള്ള താരം വിദര്‍ഭയുടെ കന്നി കിരീട നേട്ടത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ ക്രിക്കറ്റിനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ തട്ടിത്തെറിപ്പിച്ച് ഞെട്ടിച്ചിരിക്കുന്നു ജാഫര്‍
രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്കായി വസീം ജാഫര്‍ സീസണില്‍ കളിച്ചത് പ്രതിഫലം കൈപ്പറ്റാതെയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് വസീം ജാഫര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പരിക്കുമൂലം 2016-07 സീസണില്‍ ജാഫറിന് മിക്ക മത്സരങ്ങളും നഷ്ടമായിരുന്നു. വിശ്രമത്തിലായിരുന്ന താരം ഒക്ടോബറില്‍ തിരിച്ചെത്തിയെങ്കിലും ജനുവരി വരെ കളിക്കാന്‍ അവസരം ലഭിച്ചില്ല. തുടര്‍ന്ന് ക്രിക്കറ്റിനോടുള്ള സ്നേഹം കാരണം പ്രതിഫലം വാങ്ങണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
പിന്നീട് കളിക്കാന്‍ അവസരം ലഭിച്ച താരം രഞ്ജിയില്‍ വിദര്‍ഭയ്ക്കായി 600 റണ്‍സിനടുത്ത് നേടിയിരുന്നു. തുടക്കക്കാരായ വിദര്‍ഭയില്‍ എന്തുകൊണ്ട് കളിക്കാന്‍ തീരുമാനിച്ചു എന്ന ചോദ്യത്തിന് മുന്‍ മുംബൈ താരത്തിന് വ്യക്തമായ മറുപടിയുണ്ട്. വിദര്‍ഭയ്ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും ടീമിലെ യുവതാരങ്ങള്‍ക്ക് പ്രചേദനം നല്‍കാനുമാണ് ടീമില്‍ ചേര്‍ന്നതെന്ന് ജാഫര്‍ പറഞ്ഞു. വസീം ജാഫറിനെ അഭിനന്ദിച്ച് ഗൗതം ഗംഭീര്‍ അടക്കമുള്ള സഹതാരങ്ങള്‍ രംഗത്തെത്തി
