പെര്‍ത്ത്: ബിഗ് ബാഷ് ലീഗില്‍ മുന്‍ ന്യൂസീലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ കണ്ണഞ്ചിപ്പിക്കും ഡൈവിംഗ്. സ്‌കോച്ചേര്‍സിനെതിരായ മത്സരത്തിലായിരുന്നു ബ്രിസ്‌ബേന്‍ ഹീറ്റ് താരത്തിന്‍റെ സാഹസിക ചാട്ടം. മക്കല്ലത്തിന്‍റെ പ്രായത്തെ അതിശയിപ്പിക്കും വിധമായിരുന്നു ഈ ഫീല്‍ഡിംഗ് പ്രകടനം.

സ്‌കോച്ചേര്‍സിന്‍റെ 14-ാം ഓവറില്‍ ലോംഗ് ഓഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു മക്കല്ലം. ബൗണ്ടറിലൈനിനരികെ പാറിപ്പറന്ന മക്കല്ലം പന്ത് കൈക്കലാക്കി. എന്നാല്‍ നിലത്ത് താഴ്‌ന്നിറങ്ങുമ്പോള്‍ പന്ത് കൈയില്‍ നിന്ന് ഊര്‍ന്നുപോയി. മക്കല്ലം നൂറ്റാണ്ടിലെ ക്യാച്ച് വിട്ടുകളഞ്ഞു എന്നായിരുന്നു കമന്‍റേറ്റര്‍ മെല്‍ ജോണ്‍സിന്‍റെ കമന്‍റ്. എന്നാല്‍ സ്റ്റേഡിയത്തിലെ വെളിച്ചമാണ് വില്ലനായത് എന്നാണ് ഹീറ്റ് നായകന്‍ ക്രിസ് ലിന്നിന്‍റെ പ്രതികരണം.