ചിലിയില്‍ നടന്ന ഒരു ഫുട്ബോള്‍ മത്സരത്തിനിടെയാണ് ആരാധകരെ അമ്പരപ്പിച്ച ഗോളാഘോഷം കണ്ടത്. ഗോളടിച്ച ശേഷം ഗാലറിയിലേക്ക് ഓടിക്കയറിയ താരം കാമുകിയെ ആലിംഗനം ചെയ്ത് ചുംബിച്ച്...

സാന്‍റിയാഗോ: ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ പ്രണയവും പ്രണയാഭ്യര്‍ത്ഥനകളും പൊട്ടിവിടരുന്നത് മുന്‍പ് നമ്മള്‍ കണ്ടിട്ടുണ്ട്. ചിലിയില്‍ നടന്ന ഒരു ഫുട്ബോള്‍ മത്സരത്തിനിടെയും ഇത്തരമൊരു സംഭവമുണ്ടായി. ഇവിടെ ഒരു ഗോളാഘോഷമാണ് കാമുകിയ പ്രൊപ്പോസ് ചെയ്യുന്നതിലും ചുംബിച്ച് ആലിംഗനം ചെയ്യുന്നതിലും അവസാനിച്ചത്. 

ചിലിയന്‍ പ്രീമിയര്‍ ഡിവിഷനില്‍ എവര്‍ട്ടനും സി.ഡി അന്‍റോഫഗസ്റ്റയും തമ്മിലുള്ള മത്സരത്തിലായിരുന്നു ഈ വ്യത്യസ്ത ഗോളാഘോഷം. അന്‍റോഫഗസ്റ്റക്കായി രണ്ടാം മിനുറ്റില്‍ ഗോള്‍ നേടി വെനസ്വേലന്‍ താരം എഡ്വേര്‍ഡ് ഗാലറിയിലേക്ക് ഓടിക്കയറി. പാതിവഴിയില്‍ കോച്ചിംഗ് സ്റ്റാഫില്‍നിന്ന് മോതിരവും വാങ്ങിയായിരുന്നു ഓട്ടം. നേരെ കാമുകിക്കരികെയെത്തി ആലിംഗനം ചെയ്ത് ചുംബിച്ച് മോതിരം വിരലിലണിയിച്ചു. 

Scroll to load tweet…

എന്നാല്‍ വ്യത്യസ്‌ത ഗോളാഘോഷം കൊണ്ട് ശ്രദ്ധേയമായ മത്സരം എഡ്വേര്‍ഡിനും അന്‍റോഫഗസ്റ്റയ്ക്കും നിരാശയായി. എഡ്വേര്‍ഡിന് പരിക്കേറ്റ് രണ്ടാം പകുതിയില്‍ മൈതാനം വിടേണ്ടിവന്നു. മത്സരത്തില്‍ എവര്‍ട്ടനോട് തോല്‍വി വഴങ്ങുകയും ചെയ്തു. എങ്കിലും ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു ഈ ദൃശ്യങ്ങള്‍.