സെല്‍ഫി എടുക്കുന്നതിനിടെ കെ.എല്‍ രാഹുല്‍ ആരാധകനോട് പെരുമാറിയ രീതി അല്‍പം കടന്നുപോയി. ഒരു ആരാധകന്‍ തോളില്‍ കയ്യിട്ട് ചിത്രമെടുക്കാന്‍ ശ്രമിച്ചതാണ് രാഹുലിനെ പ്രകോപിപ്പിച്ചത്.. വീഡിയോ കാണാം
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ടി20 മഴയില്‍ കുതിര്‍ന്നപ്പോള്‍ ഇന്ത്യയുടെ ജയ പ്രതീക്ഷകളാണ് ഒലിച്ചുപോയത്. എന്നാല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചെങ്കിലും സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ആരാധകരുടെ ആവേശം മഴയില്‍ കുതിര്‍ന്നുപോയില്ല. വീണുകിട്ടിയ അവസരത്തില്‍ മുന്നില്‍കണ്ട താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ മത്സരിക്കുകയായിരുന്നു ആരാധകര്‍.
മത്സരം നിരാശയായെങ്കിലും ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ ഇന്ത്യന്‍ താരങ്ങളും മടിച്ചില്ല. എന്നാല്‍ സെല്‍ഫി എടുക്കുന്നതിനിടെ കെ.എല്‍ രാഹുല്‍ ആരാധകനോട് പെരുമാറിയ രീതി അല്‍പം കടന്നുപോയി. ഒരു ആരാധകന്‍ തോളില്‍ കയ്യിട്ട് ചിത്രമെടുക്കാന്‍ ശ്രമിച്ചതാണ് രാഹുലിനെ പ്രകോപിപ്പിച്ചത്. തോളില്‍നിന്ന് ആരാധകന്‍റെ കൈ രാഹുല്‍ എടുത്തുമാറ്റി. എന്നാല്‍ കൂടുതല്‍ ആരാധകര്‍ക്ക് സെല്‍ഫികളെടുക്കാനും ഓട്ടോഗ്രാഫ് നല്‍കാനും രാഹുല്‍ മടികാണിച്ചില്ല.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസ്ട്രേലിയ 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിരുന്നു. ഇടക്ക് പെയ്ത മഴമൂലം ഡക്‌വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് ഇന്ത്യയുടെ ലക്ഷ്യം ആദ്യം 19 ഓവറില്‍ 137 റണ്‍സായും വീണ്ടും മഴ എത്തിയതോടെ വിജയലക്ഷ്യം 11 ഓവറില്‍ 90 റണ്‍സായും പുനര്‍ നിര്‍ണയിച്ചു. എന്നാല്‍ മഴ വിട്ടൊഴിയാത്തതിനാല്‍ പിന്നീട് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
