ദില്ലി: ക്രിക്കറ്റ് പലപ്പൊഴും കളിക്കാരുടെ വൈകാരിക പ്രകടനത്തിന് വേദിയാകാറുണ്ട്. എസ് ശ്രീശാന്തിന്‍റെ ഡാന്‍സും ദാദയുടെ ജഴ്‌സി വീശലും ഓസീസിന്‍റെ സ്ലഡ്ജിംഗുമെല്ലാം ഇതിനുദാഹരണമാണ്. മൈതാനത്ത് നൃത്തം ചവിട്ടുന്ന വെസ്റ്റിന്‍ഡീസ് താരങ്ങള്‍ മുതല്‍ കണ്ണീരോടെ മടങ്ങുന്നവരെ വരെ കളിയില്‍ കാണാം. ക്രിക്കറ്റില്‍ ത്രില്ലിനെയും സസ്പെ‌ന്‍സിനെക്കാളും നാടകീയമാകാറുണ്ട് ഇത്തരം സംഭവങ്ങള്‍. 

അപ്രതീക്ഷിത സിക്സര്‍ സഹിക്കാനാകാതെ പൊട്ടിത്തെറിച്ച ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയാണ് മറ്റൊരു ഉദാഹരണം. ആഭ്യന്തര മത്സരത്തിനിടെയായിരുന്നു ഓജയുടെ കലിപ്പുതീര്‍ക്കല്‍. ക്രീസ് വിട്ടിറങ്ങി ഓജയുടെ പന്ത് ബാറ്റ്സ്മാന്‍ അതിര്‍ത്തി കടത്തി. കൂറ്റന്‍ സിക്സിനു പിന്നിലെ ബാറ്റ്സ്മാനും നോണ്‍ സ്‌ട്രൈക്കറും ബാറ്റ് കറക്കി ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാല്‍ കലിപ്പടക്കാനാവാതെ സ്റ്റംപ് തട്ടിത്തെറിപ്പിക്കുകയാണ് ഓജ ചെയ്തത്. 

പിന്നാലെ ഓജക്കെതിരെ നീങ്ങിയ ബാറ്റ്മാനെ നോണ്‍ സ്‍ട്രൈക്കര്‍ പിടിച്ചുവെക്കുകയും ചെയ്തു. ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ നാടകീയ സംഭവങ്ങള്‍ മൈതാനത്ത് അരങ്ങേറിയേനെ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്‍റെ ദൃശ്യം ഇപ്പോളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഓജ ഇന്ത്യക്കായി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും 6ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.