സെഞ്ചൂറിയന്‍: ക്രിക്കറ്റില്‍ ചിലപ്പോഴൊക്കെ ഭാഗ്യത്തിന്‍റെ ആനുകൂല്യം താരങ്ങള്‍ക്ക് കിട്ടാറുണ്ട്. ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിന് ലഭിച്ചതും ഇത്തരത്തിലൊരു ഭാഗ്യമാണ്. ബൂംമ്രയുടെ പന്തില്‍ മത്സരത്തിലെ രണ്ടാം ഓവറില്‍ ഡികോക്ക് പുറത്തായി. ബൂംമ്രയുടെ കുത്തിയുയര്‍ന്ന പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ഡിക്കോക്കിന് പിഴച്ചു.
പന്ത് ബാറ്റിലുരസി വിക്കറ്റിലേക്ക് പാഞ്ഞുകയറിയെങ്കിലും ബെയ്‌ല്‍സ് വീഴാതിരുന്നതിനാല്‍ താരം രക്ഷപെട്ടു. പിന്നീട് 13-ാം ഓവറില്‍ ചഹലിന്‍റെ പന്തില്‍ പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കിയാണ് ഡി കോക്ക് മടങ്ങിയത്. ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരം പരമ്പരയില്‍ മോശം ഫോമിലാണ്. ദക്ഷിണാഫ്രിക്ക രണ്ട് ഏകദിനങ്ങളിലും പരാജയപ്പെട്ടപ്പോള്‍ 34, 20 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്കോര്‍.
അതേസമയം സെഞ്ചുറിയന്‍ ഏകദിനത്തില്‍ ഭാഗ്യരേഖ തെളിഞ്ഞെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് അത്ര ശുഭമല്ല ഡികോക്കിന്‍റെ നിലവിലെ അവസ്ഥ. രണ്ടാം ഏകദിനത്തിനിടെ കൈക്കുഴയ്ക്ക് പരിക്കേറ്റ ക്വിന്റണ്‍ ഡിക്കോക്കിന് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാവില്ല. ഏകദിന പരമ്പരയ്ക്ക് പുറമേ ടി20 പരമ്പരയിലും ഡികോക്കിന് നഷ്ടമാകുമെന്നത് ആതിഥേയര്‍ക്ക് വലിയ തിരിച്ചടിയാണ്.
