കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് ഏകദിനത്തില്‍ പകരംവീട്ടുമെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശ്രേയംസ് അയ്യര്‍. ഏകദിന പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എം.എസ് ധോണിയുടെ സാന്നിധ്യം ടീമിന് കരുത്താകും. പ്രോട്ടീസിനോട് തിരിച്ചടിച്ച് ഏകദിന പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അയ്യര്‍ പറഞ്ഞു. 

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. ജനുവരി 24ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് ജയിച്ച് നാണക്കേട് ഒഴിവാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പരിക്കില്‍ നിന്ന് മോചിതനായ അയ്യര്‍ ആദ്യ ഏകദിനത്തിന് മുമ്പ് ടീമിനൊപ്പം ചേരും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പുറത്താകാതെ 79 റണ്‍സെടിച്ച ശ്രേയംസ് അയ്യര്‍ പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. 

മുഷ്താഖ് അലിയിലെ ഇന്നിംഗ്സ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായും പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും അയ്യര്‍ വ്യക്തമാക്കി. മികച്ച പേസില്‍ ബൗണ്‍സെറിയുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാക്ക്ഫൂട്ടില്‍ കളിക്കാനാണ് താല്‍പര്യപ്പെടുന്നതെന്നും അച്ചര്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.