പ്രഫഷണല്‍ കായികതാരമെന്ന നിലയില്‍ കളിക്കാര്‍ കരിയറില്‍ പല വെല്ലുവിളികളും നേരിടേണ്ടിവരാറുണ്ട്. കളിക്കളത്തില്‍ മികവുറ്റ പ്രകടനം പുറത്തെടുക്കാനായി കായികക്ഷമതയും ആരോഗ്യവും നിലനിര്‍ത്തുക എന്നതാണ് അതില്‍ പ്രധാനം. ക്രിക്കറ്റില്‍ തന്നെ അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരങ്ങളുടെ കാര്യമെടുത്താല്‍  കായികതാരങ്ങളുടെ കായികക്ഷമത വളരെ പ്രധാനമാണ്.

ടെസ്റ്റ് മത്സരങ്ങളുടെ കാര്യം പറയുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ സ്ഥിരമായി കേള്‍ക്കാറുള്ള വാക്കുകളാണ് ലഞ്ചും ടീ ബ്രേക്കും. ഒരു ടെസ്റ്റ് മത്സരത്തിലെ ഒരു ദിവസത്തെ കളിയെ മൂന്നായി തിരിക്കാം. ആദ്യ രണ്ട് മണിക്കൂര്‍ ലഞ്ചിന് മുമ്പുള്ള കളി. 40 മിനിട്ട് ലഞ്ചിനുശേഷമുള്ള രണ്ട് മണിക്കൂര്‍ ടീയ്ക്ക് മുമ്പുള്ള കളി. 20 മിനിട്ട് ടീ ബ്രേക്കിന് ശേഷമുള്ള അവസാന സെഷന്‍. ആറ് മണിക്കൂര്‍ നേരം തുടര്‍ച്ചയായി ഗ്രൗണ്ടില്‍ നില്‍ക്കുന്ന കളിക്കാര്‍ ലഞ്ചിനും ടീയ്ക്കുമെല്ലാം എന്താവും കഴിക്കുക എന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് അറിയാന്‍ ആകാംക്ഷയുള്ള കാര്യമാണ്.

ബ്രേക്ക് ഫാസ്റ്റ്

ടെസ്റ്റ് മത്സരത്തിനിറങ്ങുന്നതിന് മുമ്പുള്ള ബ്രേക്ക് ഫാസ്റ്റ് വളരെ പ്രധാനമാണ്. ഒരുദിവസത്തെ പ്രധാന ഭക്ഷണമെന്ന നിലയില്‍ പ്രഭാതഭക്ഷണത്തില്‍ സാധാരണയായി ഒരു ബൗള്‍ ധാന്യങ്ങള്‍ക്കൊണ്ടുള്ള ഭക്ഷണം, പാസ്ത, ഫ്രൂട്ട്സ് അല്ലെങ്കില്‍ കോള്‍ഡ് മീറ്റ് നിറച്ച സാന്‍ഡ്‌വിച്ച്, സാലഡുകള്‍, ജാം അല്ലെങ്കില്‍ പീനട്ട് ബട്ടര്‍ എന്നിവയാണുണ്ടാവുക. ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്തുന്ന ഭക്ഷണങ്ങളായിരിക്കും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ലഞ്ചിന് എന്തൊക്കെ ?

രണ്ട് മണിക്കൂര്‍ നേരത്തെ കളിക്കുശേഷം ടീമുകള്‍ ലഞ്ചിനു പിരിയും. മൂന്ന് മുതല്‍ അഞ്ച് വരെ ഭക്ഷണങ്ങളാണ് ലഞ്ചിന് ഉണ്ടാവുക. പച്ചക്കറികള്‍, ഉരുളക്കിഴങ്ങ് വേവിച്ചത്, വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് ധാന്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണം നോണ്‍ വെജ് കഴിക്കുന്നവര്‍ക്ക് ആട്ടിറച്ചി മുതല്‍ മീന്‍വരെ, ബ്രെഡ് പിന്നെ ഐസ്ക്രീം. എന്നാല്‍ ഇതൊക്കെ കളിക്കാരുടെ താല്‍പര്യമനുസരിച്ച് മാത്രം കഴിച്ചാല്‍ മതി. ബാറ്റിംഗിനിറങ്ങാനുള്ള കളിക്കാരാനാണെങ്കില്‍ ചിലപ്പോള്‍ പ്രോട്ടീന്‍ ബാറോ അല്ലെങ്കില്‍ ഒരു നേന്ത്രപ്പഴമോ മാത്രമായിരിക്കും കഴിക്കുക. വയറ‍ നിറഞ്ഞിരുന്നാല്‍ ഓടാനുള്ള ബുദ്ധിമുട്ടുകൂടി കണക്കിലെടുത്താതിണെന്ന് മുന്‍ ഇന്ത്യന്‍ താരം നയന്‍ മോംഗിയ പറയുന്നു. എന്ത് കഴിച്ചാലും കൊഴുപ്പ് കുറവുള്ളതും കാര്‍ബോ ഹൈഡ്രേറ്റ്സ് കൂടുതലുള്ളതുമായ ഭക്ഷണമായിരിക്കും.

ടീ ബ്രേക്ക്

ഇംഗ്ലീഷുകാരാണ് ക്രിക്കറ്റ് കണ്ടുപിടിച്ചത് എന്നതിനാല്‍ ക്രിക്കറ്റില്‍ ടീ ബ്രേക്കും അനിവാര്യമാണ്. പണ്ടൊക്കെ ഗ്രൗണ്ടിലിറങ്ങി ചായ കൊടുക്കുകയായിരുന്നു പതിവ്. ലഞ്ചിനുശേഷം രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ടീ ബ്രേക്ക് എത്തും. ഭൂരിഭാഗം കളിക്കാരും ഒരു കപ്പ് ചായയോ കാപ്പിയോ ചെറുതായി എന്തെങ്കിലും സ്നാക്സോ ആകും ഈ സമയത്ത് കഴിക്കുക. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരങ്ങളില്‍ പൂര്‍ണമികവോടെ കളിക്കാന്‍ കായികക്ഷമത നിലനിര്‍ത്തണമെന്നതിനാല്‍ പോഷകാഹാരപ്രദമായ ഭക്ഷമായിരിക്കും കൂടുതലും നല്‍കുക.