മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ക്ലാസിക് ബാറ്റ്സ്മാനാണ് അജിങ്ക്യ രഹാനെ. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യ കണ്ട കൂടുതല്‍ സാങ്കേതിക മികവുള്ള താരം രഹാനെയാണ്. കോപ്പിബുക്ക് ഷോട്ടുകളില്‍ ദീര്‍ഘമായ ഇന്നിംഗ്സുകള്‍ കളിക്കാന്‍ കഴിയുന്നുവെന്നതാണ് രഹാനെയുടെ പ്രത്യേകത. എന്നാല്‍ ടീം മാനേജ്മെന്‍റിന്‍റെ കണ്ണില്‍ രണ്ടാംനിര താരം മാത്രമാണ് എക്കാലത്തും രഹാനെ. 

വിദേശ പിച്ചികളില്‍ മികച്ച രീതിയില്‍ ബാറ്റുവീശുന്ന ഇന്ത്യന്‍ താരം രഹാനെയാണ്. പല ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കും ബൗണ്‍സും വേഗവു കൊണ്ട് കാലിടറുമ്പോള്‍ രഹാനെ വന്‍മതില്‍ പോലെ പിച്ചില്‍ ഉറച്ച് നില്‍ക്കും. എല്ലാ പൊസിഷനിലും കളിച്ച് പരിചയമുള്ള രഹാനെയ്ക്ക് കൂടുതല്‍ അഭികാമ്യം ഓപ്പണിംഗും മൂന്നാം നമ്പറുമാണ്. മൂന്നാം നമ്പറില്‍ വിരാട് കോലി സ്ഥിരം താരമായതിനാല്‍ രഹാനെയ്ക്ക് അവസരം ലഭിക്കില്ല.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രഹാനെ മൂന്നാം നമ്പറില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പുതുമുഖതാരം ശ്രേയാംസ് അയ്യര്‍ക്ക് അവസരം നല്‍കാനാണ് ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്. ആദ്യ ധര്‍മ്മശാലയില്‍ കാലിടറിയെങ്കിലും അര്‍ദ്ധസെഞ്ചുറിയോടെ മൊഹാലിയില്‍ അയ്യര്‍ മിന്നും ഫോമിലെത്തി. ഇതോടെ ടീമില്‍ അവസരം കാത്തിരിക്കുന്ന രഹാനെയ്ക്ക് തിരിച്ചടിയായി.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഫോമിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. മൊഹാലി ഏകദിനത്തില്‍ രോഹിത്- ധവാന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 115 റണ്‍സെടുത്തു. ഇതില്‍ രോഹിതാവട്ടെ ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. പുറത്താകാതെ 153 പന്തില്‍ നിന്ന് 208 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.

ഓപ്പണര്‍മാരും അയ്യരും ഫോമിലെത്തിയതോടെ രഹാന മൂന്നാം മത്സരത്തിലും കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. മുന്‍ താരങ്ങളും നായകന്‍ രോഹിത് ശര്‍മ്മയും രഹാനയുടെ പ്രതിഭയെ പ്രശംസിക്കുമ്പോളും ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിയാതാവുന്നു രഹാനക്ക്. നിരവധി മികച്ച ഇന്നിംഗ്സുകള്‍ കളിച്ച് പരിചയമുള്ള താരത്തില്‍ നിന്ന് ഇതിനപ്പുറമാണ് മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നതെങ്കില്‍ അത് പ്രതിഭയോടുള്ള അനീതിയാണ്.