ദില്ലി: വിവാദ സന്യാസിയും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിംഗിന്റെ അനുഗ്രഹം വാങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും ആശിഷ് നെഹ്റ‌യുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍. കോലിയുടെ കരിയറിലെ തുടക്കകാലത്ത് ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കോലിയുടെ ഇന്നത്തെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചത് താനാണെന്ന് മുമ്പ് ഗുര്‍മീത് റാം റഹിം സിംഗ് അവകാശപ്പെട്ടിട്ടുണ്ട്. മികച്ച തുടക്കങ്ങള്‍ വലിയ സ്കോറുകളാക്കി മാറ്റുന്നതില്‍ കോലി പരാജയപ്പെട്ട കാലത്താണ് താന്‍ അനുഗ്രഹിച്ചതെന്നും തന്റെ അനുഗ്രമാണ് കോലിയെ ഇന്നത്തെ വലിയ താരമാക്കി വളര്‍ത്തിയതെന്നും ഗുര്‍മീത് റാം റഹിം സിംഗ് കഴിഞ്ഞ വര്‍ഷം അവകാശപ്പെട്ടിരുന്നു.

ഗുസ്തിതാരം വിജേന്ദര്‍ സിംഗ് ലോകോത്തര താരമായതും തന്റെ അനുഗ്രഹം മൂലമാണെന്ന് ഗുര്‍മീത് റാം റഹിം സിംഗ് അവകാശപ്പെട്ടിരുന്നു. 32-ഓളം കായിക ഇനങ്ങളില്‍ ദേശീയ തലത്തില്‍ തന്നെ തനിക്ക് പ്രാവീണ്യമുണ്ടെന്നും നിരവധി കായിക ഇനങ്ങളുടെ പരിശീലകനായിരുന്നുവെന്നും ഗുര്‍മീത് റാം റഹിം സിംഗ് മുമ്പ് അവകാശപ്പെട്ടിട്ടുണ്ട്. ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും അദ്ദേഹത്തിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടുകയും ഇതുവരെ മുപ്പതോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.