ലണ്ടന്‍: ട്രാക്കൊഴിഞ്ഞ ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ടിന് പകരക്കാരനെ തേടുകയാണ് കായികലോകം. ബോള്‍ട്ട് പ്രഖ്യാപിച്ച പിന്മുറക്കാരായ നീകേര്‍ക്ക്, ഡി ഗ്രാസ് എന്നിവര്‍ക്ക് പുറമെ ഭാഗ്യമുണ്ടെങ്കില്‍ ഏഷ്യയില്‍ നിന്നുമാവാം അടുത്ത വേഗരാജാവ്. 1990 കളില്‍ മോറിസ് ഗ്രീനും ടൈസണ്‍ ഗെയും ജസ്റ്റിന്‍ ഗാറ്റ്‌ലിനും വേഗപ്പോരില്‍ മുന്‍പരായെങ്കിലും കാള്‍ ലൂയിസിന്റെ പിന്‍ഗാമിക്കായി 2008 വരെ കാത്തിരിക്കേണ്ടി വന്നു അത്‌ലറ്റിക്‌സ് ലോകത്തിന്.
ബീജിങ്ങിലെ കിളിക്കൂട്ടില്‍ തുടങ്ങിയ അശ്വമേധം, ഉസൈന്‍ ബോള്‍ട്ടിനെ കാള്‍ ലൂയീസിന് മുകളിലെത്തിച്ചു. അടുത്തതാരെന്ന ചോദ്യമുയരുമ്പോള്‍ വെല്ലുവിളിയാകുന്നതും ഒരു ദശകത്തോളം ട്രാക്കിനെ അടക്കിവാണ ബോള്‍ട്ടിന്റെ റെക്കോര്‍ഡുകള്‍ തന്നെയാണ്. ലണ്ടനില്‍ 100 മീറ്ററില്‍ ഒന്നാമനായ ജസ്റ്റ്‍ലിന്‍ ഗാറ്റ്‍ലിന് പ്രായം അനുകൂല ഘടകമല്ല. ഒരേ ദിവസം രണ്ടുതവണ ബോള്‍ട്ടിനെ വീഴ്ത്തിയ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ അമേരിക്കയുടെ അടുത്ത പ്രതീക്ഷയാണ്. ഇരുപത്തിയൊന്നാം വയസില്‍ 9.82 സെക്കന്റ് സമയം കണ്ടെത്തിക്കഴിഞ്ഞ കോള്‍മാന് വേഗപ്പോരില്‍ പരിഭ്രമമില്ലെന്ന് ലണ്ടനില്‍ തെളിയിച്ചു കഴിഞ്ഞു.
വേഗരാജാവായി ആന്റോ ഡിഗ്രാസ് വരുമെന്നായിരുന്നു അടുത്തിടെ വരെ ബോള്‍ട്ട് പറഞ്ഞിരുന്നത്. കാറ്റിന്റെ സഹായത്തോടെ 9.69 സെക്കന്റില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തിട്ടുള്ള ഡിഗ്രാസിന് ലണ്ടന്‍ നഷ്‌ടമായെങ്കിലും അടുത്ത ലോക ചാമ്പ്യന്‍ഷിപ്പില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാം. 400 മീറ്റര്‍ ലോക റെക്കോര്‍ഡുകാരനായ വാന്‍ നിക്കേര്‍ക്ക് 100 മീറ്ററിലേക്ക് മാറുമെന്ന സൂചന നല്‍കി കഴിഞ്ഞു. 100-200 മീറ്ററുകളില്‍ അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ മത്സരിക്കാനാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ ആലോചന.
ട്രാക്കിലെ അടുത്ത സൂപ്പര്‍ താരമെന്ന ബോള്‍ട്ട് തന്നെ വിശേഷിപ്പിച്ചിട്ടുള്ള നീകെര്‍ക്കില്‍ കായിക പ്രേമികള്‍ക്കും പ്രതീക്ഷകളേറെ. ജാപ്പനീസ് സ്‌പ്രിന്ററായ അബ്ദുല്‍ ഹക്കീം സാനി ബ്രൗണ്‍ ജൂനിയര്‍ വിഭാഗത്തില്‍ ബോള്‍ട്ടിന്റെ റെക്കോഡുകള്‍ തകര്‍ത്ത് ഇപ്പോള്‍ തന്നെ താരമായി കഴിഞ്ഞു. സാനി ബ്രൗണ്‍ പ്രതീക്ഷ കാത്താല്‍ ഒരു പക്ഷേ അടുത്ത വേഗരാജാവ് ഏഷ്യയില്‍ നിന്നാവാം. അപ്രതീക്ഷിതമായി ബോള്‍ട്ട് വരവറിയിച്ചതു പോലെ കായിക ലോകം അധികം കേട്ടിട്ടില്ലാത്ത ഒരു താരം അത്‌ലറ്റിക്‌സിനെ ആവേശം കൊള്ളിക്കാനെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബോള്‍ട്ട പോയാലും ആവേശം നിറക്കാനുള്ള വെടിമരുന്ന് ട്രാക്കലുണ്ടാവുമെന്ന ഉറപ്പ്.
