മുംബൈ: കളിക്കുന്ന കാലത്തും കളിയില്‍ നിന്ന് വിരമിച്ചശേഷവും മുഹമ്മദ് അസ്‌ഹറുദ്ദീന്ന എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ വാര്‍ത്തകളിലെ താരമാണ്. കൈക്കുഴയുടെ സ്വതസിദ്ധമായ ഒഴുക്കുകൊണ്ടും ഫീല്‍ഡിംഗിലെ മികവുകൊണ്ടും ആരാധകരുടെ ഇഷ്ടം നേടിയ അസ്ഹര്‍ വ്യക്തിജീവതത്തിലും കരിയറിന്റെ അവസാനഘട്ടത്തിലും വിവാദ നായകനുമായി. അസ്ഹറിനെ ഗ്രൗണ്ടില്‍ കാണുന്നകാലംതൊട്ടേ ആരാധകര്‍ ശ്രദ്ധിക്കുന്ന ഒരു പ്രത്യേകതയുണ്ട്. ഉയര്‍ത്തിവെച്ചിരിക്കുന്ന ആ കോളര്‍. അങ്ങനെയല്ലാതെ അസ്ഹറിനെ ഫീല്‍ഡീല്‍ കാണുന്നത് ചുരുക്കം.

അസ്ഹറിന്റെ അഹങ്കാരമോ തന്‍പോരിമയോ ഒക്കെയായി ഇതിനെ പലരും ചിത്രീകരിച്ചിട്ടുമുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ രഹസ്യം. ഒരുപാട് ആരാധകര്‍ ചിന്തിച്ചുകാണും. ഒരു റേഡിയോ ചാനലിന് നല്‍കി അഭിമുഖത്തില്‍ അസ്ഹര്‍ തന്നെ അക്കാര്യം വെളിപ്പെടുത്തി. അസ്ഹറിന്റെ വാക്കുകള്‍- പോയന്റില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ കഴുത്തില്‍ നേരിട്ട് വെയിലടിച്ച് കഴുത്തിനും കഴുത്തിലെ ചര്‍മത്തിനും എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായി. അതിനുശേഷം കഴുത്തില്‍ നേരിട്ട് വെയിലടിക്കാതിരിക്കാനായി കഴുത്തിലെ കോളര്‍ ഉയര്‍ത്തിവെയ്ക്കാന്‍ തുടങ്ങി. പിന്നീടതൊരു ശീലമാവുകയും ചെയ്തു.

കളിക്കുമ്പോള്‍ എപ്പോഴും വെള്ള ഹെല്‍മറ്റ് മാത്രം ഉപയോഗിച്ചതിനെക്കുറിച്ചും അസ്ഹര്‍ പറഞ്ഞു. എനിക്ക് വെള്ള നിറം വളരെ ഇഷ്ടമാണ്. അക്കാലത്തെ നീല ഹെല്‍മറ്റ് ധരിക്കണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. അതുകൊണ്ടാണ് വെള്ള ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്. അസ്ഹറിന്റെ ജീവതം പ്രമേയമാക്കിയ ചിത്രം 'അസ്ഹര്‍' കഴിഞ്ഞദിവസമാണ് പുറത്തിറങ്ങയിത്.