2014-15 സീസണില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനം മെല്‍ബണില്‍ നടക്കുന്നു. ഇന്ത്യയാണ് ബാറ്റു ചെയ്യുന്നത്. രോഹിത് ശര്‍മ്മയും സുരേഷ് റെയ്നയുമായിരുന്നു ക്രീസില്‍. ഒരു സിംഗിള്‍ എടുത്തതുമായി ബന്ധപ്പെട്ടുള്ള രോഹിത് ശര്‍മ്മയും ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും തമ്മിലുള്ള തര്‍ക്കം ഏറെ വിവാദമായിരുന്നു. അന്ന് രോഹിത് ശര്‍മ്മയുടെ അടുത്തെത്തിയ, ഡേവിഡ് വാര്‍ണര്‍, ഇംഗ്ലീഷില്‍ സംസാരിക്കൂവെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് അന്ന് രോഹിത് ശര്‍മ്മയോട് അത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നതിന് ഡേവിഡ് വാര്‍ണര്‍ ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുന്നു. രോഹിത് ശര്‍മ്മയോട് എന്തെങ്കിലും പറയാന്‍ ഒരുങ്ങുമ്പോള്‍, അവരുടെ ഭാഷയില്‍(ഹിന്ദി) എന്തൊക്കെയോ പറയുകയായിരുന്നുവെന്ന് വാര്‍ണര്‍ പറഞ്ഞു. അപ്പോള്‍ ഇംഗ്ലീഷില്‍ സംസാരിക്കുവെന്ന് താന്‍ ആവശ്യപ്പെടുകയായിരുന്നു. അവരുടെ ഭാഷ അറിയാത്തതുകൊണ്ടാണ് അത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഹിന്ദി അറിയില്ല, എന്താണ് രോഹിത് പറയുന്നതെന്ന് മനസിലാക്കാനാണ് ഇംഗ്ലീഷില്‍ സംസാരിക്കൂവെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതെന്നും വാര്‍ണര്‍ പറഞ്ഞു. രോഹിത് ശര്‍മ്മ പറഞ്ഞ ഹിന്ദി വാക്ക് ഇംഗ്ലീഷ് സംസാരിച്ചപ്പോഴും ഉപയോഗിച്ചിരുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു. അന്ന് രോഹിത് ശര്‍മ്മയോട് കയര്‍ത്ത് സംസാരിച്ചതിന് വാര്‍ണര്‍ക്കെതിരെ മാര്‍ട്ടി ക്രോ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ജെയിംസ് സതര്‍ലന്‍ഡ് ഉള്‍പ്പടെയുള്ളവര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്നത്തെ മോശം പെരുമാറ്റത്തിന് വാര്‍ണര്‍ക്ക് പിഴ ചുമത്തിയിരുന്നു. അന്നത്തെ സംഭവത്തിനുശേഷം താന്‍ അത്തരത്തില്‍ പെരുമാറുന്നത് അവസാനിപ്പിച്ചിരുന്നു.