ട്വന്‍റി 20 ക്രിക്കറ്റില്‍ ഇന്ത്യയെ വിശ്വ വിജയത്തിലേക്ക് നയിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ കാലം അവസാനിച്ചോ? കരിയറില്‍ ആദ്യമായി ടീമില്‍ നിന്ന് പുറത്തായതോടെ ഇതുവരെ താരത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കള്‍ക്ക് ഈ പ്രഖ്യാപനം കൂടുതല്‍ കരുത്ത് പകരുകയാണ്.

പ്രായം ഫോമിനെ ബാധിക്കുന്നുവെന്ന ആരോപണ ശരങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം താരത്തെ പ്രതിരോധിച്ച സെലക്ടര്‍മാരും കടുത്ത മത്സരങ്ങള്‍ മുന്നില്‍ കണ്ടതോടെ തീരുമാനത്തില്‍ മാറ്റം വരുത്തി.  വിന്‍ഡീസിനും ഓസ്ട്രേലിയക്കും എതിരായ പരമ്പരയിൽ ധോണിക്ക് പകരം റിഷഭ് പന്ത് വിക്കറ്റ് കീപ്പറിന്‍റെ ഗ്ലൗസ് അണിയും. 

എം.എസ്.കെ. പ്രസാദിന്‍റെ പ്രതികരണം

ട്വന്‍റി 20 ക്രിക്കറ്റില്‍ ധോണിയുടെ കരിയറിന്‍റെ അവസാനമല്ല ഇതെന്നാണ് ടീം പ്രഖ്യാപനത്തിന് ശേഷം മുഖ്യ സെല്കടര്‍ എം.എസ്.കെ. പ്രസാദ് വിശദീകരിച്ചത്. ധോണിയുടെ വീര ഇതിഹാസങ്ങള്‍ പിറന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തേക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വിന്‍ഡീസ്, ഓസീസ് പരമ്പരകളില്‍ നിന്ന് താരത്തെ ഒഴിവാക്കിയതെന്ന് പ്രസാദ് പറയുന്നു.

തന്‍റെ കരിയറില്‍ ആദ്യമായാണ് താരം ടീമില്‍ നിന്ന് പുറത്താകുന്നത്. അതുകൊണ്ട് തന്നെ വിരമിക്കല്‍ എന്ന് ചോദ്യം ധോണിക്ക് മുന്നില്‍ ചോദിക്കാതെ ചോദിച്ചിരിക്കുകയാണ് സെലക്ടര്‍മാര്‍ എന്ന് ക്രിക്കറ്റ് പണ്ഡിതന്മാര്‍ നിരീക്ഷിക്കുന്നു.

അത്ഭുത കരിയര്‍

2007ല്‍ അരങ്ങേറിയ പ്രഥമ ട്വന്‍റി 20 ലോകകകപ്പില്‍ ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് നയിച്ചാണ് നേതൃസ്ഥാനത്തെ ധോണിയുടെ ആധിപത്യത്തിന് തുടക്കമാകുന്നത്. അതിന് മുന്‍പ് 2006 ഡിസംബറില്‍ ഇന്ത്യക്കായി ട്വന്‍റി 20യില്‍ ജഴ്സിയണിഞ്ഞ ധോണി ഇതുവരെ 93 കളികള്‍ പൂര്‍ത്തിയാക്കി.

ഇന്ത്യ ആകെ കളിച്ച 104 ട്വന്‍റി മത്സരങ്ങളില്‍ 93 എണ്ണത്തിലും ടീമിന്‍റെ നെടുംതൂണായി ധോണി ഉണ്ടായിരുന്നു എന്ന് പറയുമ്പോഴാണ് ഈ പുറത്താകലിന് പ്രാധാന്യം കൂടുന്നത്. വിക്കറ്റ് പിന്നില്‍ എന്നും അത്ഭുതങ്ങള്‍ കാണിച്ച താരം ട്വന്‍റി 20യില്‍ 54 ക്യാച്ചുകളും 33 സ്റ്റംമ്പിംങ്ങുകളും പേരിലാക്കി.

ഇംഗ്ലണ്ടില്‍ ഇന്ത്യ വിജയം നേടിയ ട്വന്‍റി 20 പരമ്പരയില്‍ ആകെ ഒരു മത്സരത്തില്‍ മാത്രമാണ് താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഫോമിലല്ലെങ്കില്‍ പോലും കളത്തില്‍ നായകന്‍ വിരാട് കോലിക്ക് മേലെ ഒരു സൂപ്പര്‍ പവര്‍ എന്ന വിശേഷണം ലഭിച്ച ധോണിയെ ഒഴിവാക്കിയത് അപ്രതീക്ഷിതമായ തീരുമാനമാണ്. 

നിര്‍ണായകമായത് ഫോം

അവസാന പത്ത് ട്വന്‍റി 20 മത്സരങ്ങളില്‍ 206 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്. പ്രായം ഇന്നും ഒരു ചെറിയ പോറല്‍ പോലും ഏല്‍പ്പിക്കാത്ത കായികക്ഷമതയുള്ള ധോണിക്ക് മുന്നില്‍ ഫോമാണ് വില്ലനായി മാറിയത്.

ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന വാഴ്ത്തപ്പെട്ട താരത്തിന് അടുത്ത കാലത്തായി ബാറ്റിംഗില്‍ തൊടുന്നത് എല്ലാം പിഴയ്ക്കുന്ന കാഴ്ചയായിരുന്നു. ട്വന്‍റി 20യില്‍ നിന്ന് താരത്തിന്‍റെ പുറത്താകലിന് വഴിവെച്ച വലിയ കാരണവും മറ്റൊന്നല്ല.

ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ച താരം ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ഇതേ അവസ്ഥ വരുമെന്ന ഒരു മുന്നറിയിപ്പ് കൂടി ഈ പ്രഖ്യാപനത്തിലുണ്ട്. ലോകകപ്പ് അടുത്തിരിക്കെ ധോണിക്ക് പകരം മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടു വരുവാന്‍ സാധ്യതയില്ല. എങ്കിലും ഏറെ കാലമായി ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കി ഭരിച്ച ധോണി യുഗത്തിന്‍റെ പ്രഭ മങ്ങുകയാണ്.