പൂനെ: ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയാകട്ടെ രണ്ടാമതാണ്. സമീപകാലത്തെ ബാറ്റിംഗ് ഫോം വെച്ച് കൊഹ്‌ലി അധികം വൈകാതെ സ്മിത്തിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുമെന്ന് ആരാധകര്‍ വിശ്വസിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ ഒന്നാമനായതെന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു സ്മിത്ത് പൂനെയില്‍ ഇന്ത്യക്കെതിരെ പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സിലെ അബദ്ധം ആവര്‍ത്തിക്കാതെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നല്‍കിയ ജീവന്‍ മുതലെടുത്ത് സ്മിത്ത് പൂനെയിലെ കുത്തിത്തിരിയുന്ന പിച്ചില്‍ നേടിയ സെഞ്ചുറിയില്‍ നിന്ന് കൊഹ്‌ലിക്ക് പഠിക്കാനേറെയുണ്ട്.
രണ്ടാം ഇന്നിംഗ്സില്‍ ഓസീസിനെ കുറഞ്ഞ സ്കോറില്‍ പുറത്താക്കി വിജയപ്രതീക്ഷ നിലനിര്‍ത്താമെന്ന ഇന്ത്യന്‍ മോഹങ്ങളെയാണ് സ്മിത്ത് അടിച്ചകറ്റിയത്. അവിടെ അദ്ദേഹം നേരിട്ടതാകട്ടെ ലോകക്രിക്കറ്റിലെ ഒന്നും രണ്ടും സ്ഥാനക്കാരായ സ്പിന്നര്‍മാരായ അശ്വിനെയും ജഡേഡയെയുമായിരുന്നു. സമീപകാലത്ത് ഇന്ത്യന്‍ ബൗളര്‍മാരെ ഏറ്റവുമധികം വെള്ളംകുടിപ്പിച്ചിട്ടുള്ള ബാറ്റ്സ്മാനാണ് സ്മിത്ത്. അവസാനം കളിച്ച അഞ്ചു ടെസ്റ്റിലും സ്മിത്ത് ഇന്ത്യക്കെതിരെ സെഞ്ചുറി നേടി. 162, 52, 133, 28, 192, 14, 117, 71, 27, 109 എന്നിങ്ങനെയായിരുന്നു അവസാനം കളിച്ച അഞ്ചു ടെസ്റ്റുകളില്‍ സ്മിത്ത് ഇന്ത്യക്കെതിരെ നേടിയ സ്കോറുകള്‍. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സ്മിത്തിനെ പുറത്താക്കാന്‍ ഒരു തന്ത്രവും ഇന്ത്യക്കുണ്ടായിരുന്നില്ല.
അപ്പോഴും ആരാധകര്‍ വിശ്വസിച്ചിരുന്നത് ഇന്ത്യയിലും ഇതേപ്രകടനം ആവര്‍ത്തിക്കട്ടെ എന്നിട്ട് വിലയിരുത്താം സ്മിത്തിനെ എന്നായിരുന്നു. ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ നാലു സെഞ്ചുറി നേടിയ കൊഹ്‌ലിയുടെ പ്രകടനവും അതിനവര്‍ക്ക് പറയാനുണ്ടായിരുന്നു. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളില്‍ ഏറ്റവുമധികം പന്ത് കുത്തിത്തിരിഞ്ഞ പിച്ചുകളിലൊന്നായിരുന്നു പൂനെയിലേത്. ആദ്യദിനം മുതല്‍ തന്നെ പന്ത് തിരിയുന്നത് കണ്ട് ഇന്ത്യക്കാര്‍ പോലും അമ്പരന്നു കാണണം. ഇഷാന്ത് ശര്‍മയ്ക്കൊപ്പം ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത് പോലും അശ്വിനായിരുന്നു. അത്തരമൊരുപിച്ചില്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ സ്മിത്ത് നേടിയ സെഞ്ചുറി അദ്ദേഹത്തെ കൊഹ്‌ലിയില്‍ നിന്ന് ഇപ്പോഴും ഒരു കൈയകലത്തില്‍ നിര്‍ത്തുന്നു.
രണ്ട് ഇന്നിംഗ്സിലും കൊഹ്‌ലി പുറത്തായരീതിയും സ്മിത്ത് പിടിച്ചുനിന്ന രീതിയുംതന്നെ ഇതിനുദാഹരണമാണ്.ആദ്യ ഇന്നിംഗ്സിലെ സ്റ്റാര്‍ക്കിന്റെ മിന്നലടിയും രണ്ടാം ഇന്നിംഗ്സിലെ സ്മിത്തിന്റെ ഇന്നിംഗ്സുമാണ് ഇന്ത്യയെ ഈ ടെസ്റ്റില്‍ നിന്ന് പുറത്താക്കിയത്. ബംഗലൂരു ടെസ്റ്റിലെങ്കിലും സ്മിത്തിനെ മൂക്കുകയറിടാനുള്ള തന്ത്രങ്ങള്‍ കൊഹ്‌ലിയും കുംബ്ലെയും കണ്ടെത്തിയില്ലെങ്കില്‍ ഈ പരമ്പര ഒരുപക്ഷെ ഓസ്ട്രേലിയയുടെ വഴിക്ക് പോവും.
