ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ ചാമ്പ്യനെ ഇന്നറിയാം. എട്ടാം കിരീടം ലക്ഷ്യമിടുന്ന റോജര്‍ ഫെഡറര്‍ ഫൈനലില്‍ മാരിന്‍ ചിലിച്ചിനെ നേരിടും. വൈകിട്ട് ആറരയ്‌ക്കാണ് മത്സരം. മുപ്പത്തിയഞ്ചാം വയസിലും ടെന്നിസ് കോര്‍ട്ടില്‍ വിസ്മയം തീര്‍ക്കുന്ന റോജര്‍ ഫെഡര്‍ക്ക് എട്ടാം വിംബിള്‍ഡണ്‍ കിരീടമെന്ന ചരിത്ര നേട്ടത്തിലേക്ക് ഒറ്റ ജയത്തിന്റെ അകലം മാത്രം.

തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡറര്‍ പതിനൊന്നാം വിംബിള്‍ഡണ്‍ ഫൈനലിലേക്ക് മുന്നേറിയത്. ഒറ്റ സെറ്റുപോലും നഷ്‌ടമാവാതെ കലാശപ്പോരിനിറങ്ങുന്ന സ്വിസ് ഇതിഹാസത്തെ കാത്തിരിക്കുന്നത് പുല്‍ക്കോര്‍ട്ടിലെ ആദ്യ കിരീടത്തിനായി റാക്കറ്റു വീശുന്ന മാരിന്‍ ചിലിച്ചിനെ. 2014 യു എസ് ഓപ്പണ്‍ കിരീടം മാത്രം സ്വന്തമായുള്ള ചിലിച്ച് സാം ക്വറിയെ തോല്‍പിച്ചാണ് ഫൈനലിലെത്തിയത്.

ആദ്യസെറ്റ് നഷ്‌ടമായ ശേഷമായിരുന്നു ചിലിച്ച് ചിരിച്ചത്. 2012ന് ശേഷം വിംബിള്‍ഡണിലെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ഫെഡററുടെ ഇരുപത്തിയൊന്‍പതാം ഗ്രാന്‍സ്ലാം ഫൈനലാണിത്. പതിനെട്ടിലും കിരീടം കൈപ്പിടിയിലൊതുക്കി. കാറിന് അഞ്ചോ ആറോ ഗീയറാണുള്ളത്. എന്നാല്‍ ടെന്നിസ് കോര്‍ട്ടിലെ ഫെഡറര്‍ക്ക് പത്ത് ഗീയറുണ്ട്.

പ്രതിസന്ധി ഘട്ടത്തിലാണ് ഫെഡററുടെ റാക്കറ്റില്‍ നിന്ന് ഏറ്റവും മികച്ച ഷോട്ടുകള്‍ പിറക്കുന്നത്. മൂന്ന് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ ബോറിസ് ബെക്കറുടെ ഈ വാക്കുകള്‍ മതി ഫെഡററുടെ ഫോമിനെ സാക്ഷ്യപ്പെടുത്താന്‍.