മുംബൈ: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ചൈനീസ് തായ്‌പേയിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് ബലത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഛേത്രി രണ്ട് ഗോള്‍ നേടി. പതിനാലാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. 20ാം മിനിറ്റില്‍ തുറന്നൊരു അവസരം ലഭിച്ചെങ്കിലും ഛേത്രിക്ക് മുതലാക്കാന്‍ സാധിച്ചില്ല. 38ാം മിനിറ്റില്‍ ഛേത്രി ലീഡ് വര്‍ധിപ്പിച്ചു. പിന്നീട് അധികം നഷ്ടങ്ങളില്ലാതെ സന്ദര്‍ശകര്‍ ആദ്യപകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനകം ഉദാന്ത സിങ്ങിന്റെ തകര്‍പ്പന്‍ ഗോള്‍. 62ാം മിനിറ്റില്‍ ഇന്ത്യ ഹാട്രിക് പൂര്‍ത്തിയാക്കി. സ്‌കോര്‍ 4-0. പിന്നാലെ 78ാം മിനിറ്റില്‍ പ്രണോയ് ഹല്‍ഡറുടെ ലോങ് റേഞ്ച് ഷോട്ട് ഗോളില്‍ അവസാനിച്ചു. മലയാളി താരം ആഷിഖ് കുരുണിയന്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറിയ മത്സരം കൂടിയായിരുന്നിത്.