ഗയാന: വനിതാ ലോക ട്വന്‍റി 20യിൽ മൂന്നാം ജയംതേടി ഇന്ത്യ ഇന്ന് ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി 8.30ന് തുടങ്ങുന്ന മത്സരത്തില്‍ അയര്‍ലന്‍ഡ് ആണ് എതിരാളികള്‍. ന്യുസീലന്‍ഡിനെയും പാകിസ്ഥാനെയും തകര്‍ത്ത ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത് സെമിഫൈനൽ സ്ഥാനമാണ്. എന്നാല്‍ ഓസ്ട്രേലിയയോടും പാകിസ്ഥാനോടും തോറ്റ അയർലൻഡ് ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയർത്താനിടയില്ല. 

നാല് പോയിന്‍റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് കളിയും ജയിച്ച ഓസീസ് വനിതകളാണ് ഒന്നാം സ്ഥാനത്ത്. കിവീസിനെതിരെ ഹർമൻപ്രീത് കൗറിന്‍റെ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. പാകിസ്ഥാനെതിരെ മിതാലി രാജ് ആയിരുന്നു വിജയിശിൽപി. ബൗളിംഗിൽ പൂനം യാദവിന്‍റെയും ഹേമലതയുടെയും പ്രകടനമാണ് നിർണായകമാവുക. 

ഇരുവരും ചേർന്ന് പത്ത് വിക്കറ്റ് നേടിക്കഴിഞ്ഞു. സ്മൃതി മന്ദാനയും വേദ കൃഷ്ണമൂർത്തിയുംകൂടി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവും.