ഗ്ലാസ്കോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധു പൊരുതി വീണു. അവസാന പോയന്റ് വരെ ആവേശം നിറഞ്ഞ ഫൈനലില്‍ സിന്ധുവിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് കീഴടക്കി ജപ്പാന്റെ നിസോമി ഒക്കുഹാര സ്വര്‍ണമണിഞ്ഞു. സ്കോര്‍: 19-21, 22-20, 20-22. മൂന്ന് ഗെയിമിലും ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിനുശേഷമാണ് സിന്ധു തോല്‍വി സമ്മതിച്ചത്.

നിര്‍ണായകമായ അവസാന ഗെയിമില്‍ 19-17 ലീഡെടുത്തിട്ടും വിജയത്തിനാവശ്യമായ ആ രണ്ട് പോയന്റുകള്‍ കൈയെത്തിപ്പിടിക്കാന്‍ സിന്ധുവിനായില്ല. പേശിവലിവ് പിടിപ്പെട്ടത് സിന്ധുവിന്റെ കോര്‍ട്ടിലെ നീക്കങ്ങളെ ബാധിച്ചു. ഇത് മുതലാക്കി തിരിച്ചടിച്ച ഒക്കുഹാര 20-19ന് ലീഡെടുത്തു. എന്നാല്‍ ഒറു പോയന്റു കൂടി നേടി സിന്ധു ഒപ്പമെത്തിയെങ്കിലും രണ്ട് പോയന്റുകള്‍ കൂടി നേടി ഒക്കുഹാര സ്വര്‍ണമണിഞ്ഞു.

Scroll to load tweet…

തോറ്റെങ്കിലും തല ഉയര്‍ത്തിത്തന്നെയാണ് ഇന്ത്യയുടെ അഭിമാന സിന്ധു കോര്‍ട്ട് വിട്ടത്. പേശിവലില് അലട്ടിയില്ലായിരുന്നെങ്കില്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടാന്‍ സിന്ധുവിന് കഴിയുമായിരുന്നു. കടുത്ത വേദന കടിച്ചമര്‍ത്തി അവസാന പോയന്റ് വരെ പൊരുതിയാണ് സിന്ധു കീഴടങ്ങിയത്. ഇതാദ്യമായാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഫൈനലിലെത്തുന്നത്. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാള്‍ വെങ്കലം നേടിയിരുന്നു.