മൺറോ കൊടുങ്കാറ്റിൽ വിന്‍ഡീസിനെ വീഴ്ത്തി കിവീസ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്‍റി20 പരന്പര ന്യുസീലന്‍ഡ് സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ 119 റൺസിനാണ് ന്യുസീലന്‍ഡ് ജയിച്ചത്. ഇതോടെ 1999ന് ശേഷം ആദ്യമയാണ് വിന്‍ഡീസ് ന്യുസീലന്‍ഡ് പര്യടനം ഒരു ജയം പോലും ഇല്ലാതെ അവസാനിപ്പിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ന്യുസീലന്‍ഡ് 5 വിക്കറ്റിന് 243 റൺസെടുത്തു. 53 പന്തില്‍ മൂന്നു ഫോറും 10 സിക്സറും അടക്കം 104 റൺസെടുത്ത കോളിന്‍ മൺറോയാണ് വിന്‍ഡീസിനെ തല്ലിപ്പരത്തിയത്. ഇതോടെ ട്വന്‍റി20യിൽ 3 രാജ്യാന്തര സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാന്‍ ആയി മൺറോ മാറി. 38 പന്തില്‍ 63 റൺസടിച്ച മാര്‍ട്ടിന്‍ ഗുപ്‌ടിലിനൊപ്പം ആദ്യ വിക്കറ്റിൽ മൺറോ, 11 ഓവറില്‍ 136 റൺസാണ് കൂട്ടിച്ചേര്‍ത്തത്.
മറുപടി ബാറ്റിംഗിൽ വിന്‍ഡീസ് 124 റൺസിന് ഓള്‍ഔട്ടായി. 46 റൺസെടുത്ത ഫ്ലെച്ചര്‍ ആണ് ടോപ്സ്കോറര്‍. ഓപ്പണര്‍മാരായ ഗെയ്ലും വാള്‍ട്ടണും പൂജ്യത്തിന് പുറത്തായി. 3 വിക്കറ്റെടുത്ത ടിം സൗത്തിയാണ് വിന്‍ഡീസ് മുന്‍നിരയെ തകര്‍ത്തത്.
