ചെന്നൈ: ഏകദിന-ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ വിരാട് കൊഹ്‌ലിയാണെന്ന കാര്യത്തില്‍ വലിയ തര്‍ക്കങ്ങളില്ല. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലെത്തുമ്പോള്‍ ഏറ്റവും മികച്ച കളിക്കാരന്‍ ആരെന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ കൊഹ്‌ലി ടെസ്റ്റിലും മുന്‍പന്തിയിലെത്തിയെങ്കിലും. ടെസ്റ്റില്‍ തന്റെ സമകാലീനരായ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത്, ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവര്‍ തന്നേക്കാള്‍ മികച്ച ബാറ്റ്സ്മാന്‍മാരാണെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി പറഞ്ഞു.

റൂട്ടും സ്മിത്തും വില്യാംസണുമെല്ലാം ടെസ്റ്റില്‍ തന്നെക്കാള്‍ ഒരുപടി മുകളിലാണെന്ന് കൊഹ്‌ലി വ്യക്തമാക്കി. അവരെല്ലാം ലോകോത്തര താരങ്ങളാണ്. കഴിഞ്ഞ കുറച്ചു സീസണുകളിലെ പ്രകടനം നോക്കിയാല്‍ എന്നെക്കാള്‍ മുകളിലാണ് ഇവരുടെയെല്ലാം സ്ഥാനം. എന്റെ പരിമിതികളെക്കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ എനിക്ക് മികച്ച റെക്കോര്‍ഡുണ്ട്. പക്ഷെ ടെസ്റ്റില്‍ അവരുമായി മത്സരിക്കാനില്ല. എന്റെ ടീമിന് എന്താണ് വേണ്ടതെന്ന് എനിക്കറിയാം. അത് ചെയ്യുക എന്നതാണ് എന്റെ കടമ. റൂട്ടിനോ സ്മിത്തിനോ വില്യാംസണോ മുകളില്‍ കയറുക എന്നത് എന്റെ ലക്ഷ്യമല്ല. ഡേവിഡ് വാര്‍ണറും ഇക്കൂട്ടത്തില്‍പ്പെടുത്തേണ്ട താരമാണ്. ഇവരോടെല്ലാം എനിക്ക് ആദരവുണ്ട്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ നടക്കുന്ന ആരോഗ്യപരമായ മത്സരം ക്രിക്കറ്റിന് ഏറെ ഗുണം ചെയ്യുമെന്നും കൊഹ്‌ലി പറഞ്ഞു.

ക്രിക്കറ്റില്‍ താരതമ്യങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ കൊഹ്‌ലി റൂട്ട്, സ്മിത്ത്, വില്യാംസണ്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യുന്നത് ശ്രദ്ധിക്കാറില്ലെന്നും അത് ആരാധകരുടെ പണിയാണെന്നും വ്യക്തമാക്കി. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ഇത്തരം താരതമ്യങ്ങള്‍ ശ്രദ്ധിക്കാറേ ഇല്ല. അതിനെക്കുറിച്ച് ചിന്തിച്ചാല്‍ നമ്മുടെ കളിയിലെ ശ്രദ്ധ തന്നെ മാറിപ്പോവും. മികച്ച പ്രകടനം നടത്തുമ്പോള്‍ ഈ തരതമ്യങ്ങള്‍ നല്ലതാണ്. എന്നാല്‍ മോശം പ്രകടനമുണ്ടാവുമ്പോള്‍ അത് തിരിച്ചടിയാവുകയും ചെയ്യും-കൊഹ്‌ലി പറഞ്ഞു.