ദില്ലി: ഐപിഎല്ലില്‍ യുവരാജ് സിംഗിനെ നിലനിര്‍ത്താതിരുന്നതില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഇപ്പോള്‍ ദുംഖിക്കുന്നുണ്ടാകും. ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്ന യുവി ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലാണ്. മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിന്‍റെ രണ്ട് വിജയങ്ങളില്‍ നിര്‍ണായകമായത് യുവിയുടെ ബാറ്റിംഗാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് 100ലധികം ശരാശരിയില്‍ 85 റണ്‍സ് യുവി സ്വന്തമാക്കി.

ദില്ലിക്കെതിരായ മത്സരത്തില്‍ 40 പന്തുകളില്‍ നിന്ന് നാല് ഫോറും ഒരു സിക്സും സഹിതം യുവി അര്‍ദ്ധ സെഞ്ചുറി നേടി. യുവിയുടെയും വൊഹ്‌റയുടെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 170 റണ്‍സ് അടിച്ചെടുത്ത പഞ്ചാബ് രണ്ട് റണ്‍സിന് വിജയിച്ചു. അടുത്ത മത്സരത്തില്‍ സര്‍വ്വീസസിനെതിരെയും യുവി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 84 റണ്‍സെടുത്തമന്‍ദീപ് സിംഗും 35 റണ്‍സെടുത്ത യുവിയും ചേര്‍ന്ന് സര്‍വ്വീസ്സ് ഉയര്‍ത്തിയ 141 റണ്‍സ് വിജയലക്ഷ്യം അനായാസം സ്വന്തമാക്കി. ഒരു ബൗണ്ടറികളും രണ്ട് കൂറ്റന്‍ സിക്സുകളും ഇതിനിടയില്‍ യുവി അടിച്ചെടുത്തു.

യുവരാജ് സിംഗ് ഫോം വീണ്ടെടുത്തതോടെ വെട്ടിലായത് താരത്തെ നിലനിര്‍ത്താതിരുന്ന സണ്‍ റൈസേഴ്സ് ഹൈദരാബാദാണ്. എന്നാല്‍ ഇതോടെ യുവിയെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഹോം ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബിന് അവസരമൊരുങ്ങി. അങ്ങനെ സംഭവിച്ചാല്‍ ഐപിഎല്ലില്‍ 120 മത്സരങ്ങളില്‍ നിന്ന് 2587 റണ്‍സ് നേടിയിട്ടുള്ള യുവിയുടെ സാന്നിധ്യം പഞ്ചാബിന് കരുത്താകും.