കട്ടക്ക്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത ഇന്നിംഗ്സായിരുന്നു ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ യുവരാജ് സിംഗും എംഎസ് ധോണിയും പുറത്തെടുത്തത്. സെഞ്ചുറിയോടെ തിരിച്ചുവരവ് ആഘോഷമാക്കിയ യുവിയും ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞശേഷമുള്ള ആദ്യ സെഞ്ചുറിയുമായി മഹിയും തമ്മിലുള്ള കൂട്ടുകെട്ടായിരുന്നു ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ.

ഈ കൂട്ടുകെട്ടിനെക്കുറിച്ച് ധോണിയുടെ ഏറ്റവും വലിയ വിമര്‍ശകനും യുവരാജിന്റെ പിതാവുമായ യോഗ്‌രാജ് സിംഗിന് പറയാനുള്ളത് എന്തായിരിക്കും എന്നായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ ആകാംക്ഷ. ഒടുവില്‍ യോഗ്‌രാജ് മനസ് തുറന്നിരിക്കുന്നു. ധോണി സെഞ്ചുറി നേടിയതില്‍ സന്തോഷമുണ്ടെന്ന് യോഗ്‌രാജ് ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.

ധോണിയോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. അദ്ദേഹം സെഞ്ചുറി നേടുന്നത് കാണാന്‍ ഞാന്‍ അഗ്രഹിച്ചിരുന്നു. എന്റെ മകനോട് ധോണിയ്ക്കുള്ള ദേഷ്യത്തിന് ദൈവം അദ്ദേഹത്തോട് ക്ഷമിക്കട്ടെ. ഞാനും അതിനായി ദൈവത്തോട് പ്രാര്‍ഥിക്കാം-യോഗ്‌രാജ് വ്യക്തമാക്കി. എന്റെ മകന്റെ കരിയറിലെ മൂന്ന് വര്‍ഷമാണ് ധോണി നഷ്ടമാക്കിയത്. അതിന് അദ്ദേഹം ദൈവത്തോട് മാപ്പു പറയണം.

എന്നോടും എന്റെ മക്കളോടും മോശം കാര്യങ്ങള്‍ ചെയ്തവരോടുപോലും ഞാന്‍ ക്ഷമിച്ചിട്ടുണ്ട്. ധോണിയുടെയും യുവിയുടെയും ബാറ്റിംഗ് യോഗ്‌രാജിന് കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹം തല്‍സമയവിവരങ്ങള്‍ അറിയുന്നുണ്ടായിരുന്നു. ധോണിയും യുവിയും മഹാന്‍മാരായ ക്രിക്കറ്റ് താരങ്ങളും മികച്ച ഫിനിഷര്‍മാരുമാണെന്നും ഇരുവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും യോഗ്‌രാജ് വ്യക്തമാക്കി. യുവരാജിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതും കരിയര്‍ നശിപ്പിച്ചതും ധോണിയാണെന്നതടക്കമുള്ള കടുത്ത ആരോപണങ്ങളുമായി മുമ്പ് പലപ്പോഴും യോഗ്‌രാജ് രംഗത്തെത്തിയിട്ടുണ്ട്.