ഫേസ് റെക്കഗ്നിഷന്‍റെയും പുതിയ എഐ ടൂളുകളുടെയും സഹായത്തോടെ, പാകിസ്ഥാനിലെ ഒരു പെൺകുട്ടി തന്‍റെ നഷ്‌ടപ്പെട്ട കുടുംബത്തെ 17 വർഷത്തിനുശേഷം കണ്ടെത്തിയിരിക്കുന്നു
കൃത്രിമബുദ്ധി അഥവാ എഐയെക്കുറിച്ച് ആളുകൾക്ക് സമ്മിശ്ര ധാരണകൾ ആണുള്ളത്. ചിലർ ഇതിനെ മനുഷ്യന്റെ ജോലികൾ എളുപ്പമാക്കുന്നതിനുള്ള ഒരു ഉപകരണമായി കാണുന്നു. എന്നാൽ മറ്റു ചിലരാകട്ടെ ഇതിനെ ജോലി നഷ്‍ടമാക്കുന്നത് ഉൾപ്പെടെയുള്ള ഒരു ഭീഷണിയായി കണക്കാക്കുന്നു. എങ്കിലും പാകിസ്ഥാനിൽ, എഐ മനുഷ്യത്വം തെളിയിക്കുന്ന ഒരു കാര്യം ചെയ്തിട്ടുണ്ട്. ഫേസ് റെക്കഗ്നിഷന്‍റെയും പുതിയ എഐ ടൂളുകളുടെയും സഹായത്തോടെ, തന്‍റെ നഷ്‌ടപ്പെട്ട കുടുംബത്തെ എഐ സഹായത്തോടെ ഒരു പെൺകുട്ടി 17 വർഷത്തിനുശേഷം കണ്ടെത്തിയിരിക്കുന്നു. ഈ പെൺകുട്ടിയെ 10 വയസുള്ളപ്പോൾ നഷ്‍ടപ്പെട്ടു. ഇപ്പോൾ, സാങ്കേതികവിദ്യയുടെ സഹായത്തോടെ അവൾക്ക് തന്‍റെ കുടുംബവുമായി വീണ്ടും ഒന്നിക്കാൻ കഴിഞ്ഞു. 17 വർഷം മുമ്പ് വീട്ടിൽ നിന്നും ഐസ്‍ക്രീം വാങ്ങാനിറങ്ങി വഴിതെറ്റിപ്പോയ 10 വയസുകാരിയായ കിരൺ ആണ് എഐ കാരണം ഇപ്പോൾ 27-ാം വയസിൽ മാതാപിതാക്കളുമായി ഒന്നിച്ചത്.
കിരണിന് വീട്ടുകാരെ നഷ്‍ടമായത് ഇങ്ങനെ
2008-ൽ ഇസ്ലാമാബാദിലെ തന്‍റെ വീട്ടിൽ നിന്ന് ഐസ്ക്രീം വാങ്ങാൻ ഇറങ്ങിയതായിരുന്നു 10 വയസുകാരി കിരൺ. പക്ഷേ അവൾക്ക് വഴിതെറ്റിപ്പോയി. തിരികെ വീട്ടിലേക്കുള്ള വഴി കണ്ടെത്താനായില്ല. "ഞാൻ വഴിതെറ്റി കരയുകയായിരുന്നു," കിരൺ ഓർമ്മിക്കുന്നു. "എന്‍റെ വിലാസം ഓർമ്മിക്കാൻ കഴിഞ്ഞില്ല. കരഞ്ഞു കൊണ്ടിരുന്ന എന്നെ ഒരു ദയയുള്ള സ്ത്രീ കൂട്ടിക്കൊണ്ടുപോയി"
സാമൂഹിക പ്രവർത്തകനായ അബ്‌ദുൾ സത്താർ ഈദിയുടെ പരേതയായ ഭാര്യ ബിൽക്വിസ് ഈദി കുറച്ച് ദിവസങ്ങൾക്ക് ശേഷം അവളെ കറാച്ചിയിലെ ഈദി ഫൗണ്ടേഷൻ ഷെൽട്ടർ ഹോമിലേക്ക് അയച്ചു. അവിടെ കിരൺ തന്‍റെ ബാല്യകാലം മുഴുവൻ ചെലവഴിച്ചു. ഏകദേശം 17 വർഷത്തോളം കിരൺ അവിടെ താമസിച്ചു. ഈദി ഫൗണ്ടേഷനും ഇസ്ലാമാബാദ് പൊലീസും വർഷങ്ങളോളം ശ്രമിച്ചിട്ടും കിരണിന്‍റെ മാതാപിതാക്കളെ കണ്ടെത്താനായില്ല. ഈദി ഫൗണ്ടേഷൻ നിരവധി തവണ ഇസ്‌ലാമാബാദ് സന്ദർശിച്ചു. പത്ര റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു, പക്ഷേ ഒരു വിവരവും ലഭിച്ചില്ല.
ഒരു പുതിയ വാതിൽ തുറക്കുന്നു
ഈ വർഷം ആദ്യം, പഞ്ചാബ് സേഫ് സിറ്റി പ്രോജക്റ്റിലെ സൈബർ സുരക്ഷാ വിദഗ്‌ധനായ നബീൽ അഹമ്മദിന്റെ സഹായം ഫൗണ്ടേഷൻ തേടി. "അവളുടെ ഏറ്റവും പുതിയ ഫോട്ടോകളും ഞങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മകളും ഞങ്ങൾ പങ്കിട്ടു," ഫൗണ്ടേഷന്‍റെ ചെയർപേഴ്‌സൺ ഫൈസൽ ഈദിയുടെ ഭാര്യ സബ ഫൈസൽ ഈദി പറഞ്ഞു. ഇസ്ലാമാബാദിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെക്കുറിച്ചുള്ള പഴയ പൊലീസ് റിപ്പോർട്ട് നബീൽ അഹമ്മദ് കണ്ടെത്തി. എഐ പവർഡ് ഫേഷ്യൽ റെക്കഗ്നിഷൻ, ട്രാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ കിരണിന്‍റെ വിശദാംശങ്ങളുമായി ഇത് പൊരുത്തപ്പെടുന്നതായും അദ്ദേഹം കണ്ടെത്തി. അങ്ങനെ ഡിജിറ്റൽ ട്രാക്കിംഗ് കിരണിനെ കുടുംബത്തിലേക്ക് നയിച്ചു.
മകളെ കണ്ടെത്തിയ വിവരം അറിഞ്ഞ് തയ്യൽക്കാരനായ കിരണിന്‍റെ പിതാവ് അബ്‍ദുൾ മജീദ് കറാച്ചിയിലേക്ക് പാഞ്ഞെത്തി. മകളെയും കൂട്ടി അദേഹം ഇസ്ലാമാബാദിലേക്ക് പോയി. വർഷങ്ങളായി താൻ അവളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്നും എന്നാൽ ഒരു വാർത്തയും ലഭിച്ചില്ലെന്നും അദേഹം പറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അദേഹം. വർഷങ്ങളോളം അവളുടെ ഫോട്ടോ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ ഒടുവിൽ പ്രതീക്ഷ കൈവിട്ടു. "അധികാരികൾ ഞങ്ങളെ ബന്ധപ്പെടുകയും ഞങ്ങളുടെ മകളെ കണ്ടെത്തിയെന്ന് പറയുകയും ചെയ്‌തപ്പോൾ ഞങ്ങൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല," അദ്ദേഹം പറഞ്ഞു.
കുടുംബവുമായി വീണ്ടും ഒന്നിച്ചതിൽ കിരൺ സന്തോഷം പ്രകടിപ്പിച്ചു. ഈധി ഫൗണ്ടേഷനോടുള്ള നന്ദിയും പ്രകടിപ്പിച്ചു. ഫൗണ്ടേഷൻ തന്നെ വളരെയധികം പരിപാലിച്ചെന്നും ഷെൽട്ടർ ഹോം വിടുന്നതിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. "എല്ലാവരെയും ഇവിടെ ഉപേക്ഷിച്ചുപോകുന്നതിൽ എനിക്ക് സങ്കടമുണ്ട്," അവർ പറഞ്ഞു. "ബിൽക്കിസ് ആപ ഞങ്ങളെ വളരെ നന്നായി പരിപാലിച്ചു." കിരൺ ഓർമ്മിക്കുന്നു.
അതേസമയം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെയും പൊലീസിന്‍റെയും സഹായത്തോടെ കുടുംബത്തെ കണ്ടെത്തിയ ഷെൽട്ടർ ഹോമിലെ അഞ്ചാമത്തെ പെൺകുട്ടിയാണ് കിരൺ. ഇത്തരം കേസുകളിൽ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുന്നതിനായി ഫൗണ്ടേഷൻ ഇപ്പോൾ രാജ്യത്തുടനീളമുള്ള വിവിധ സേഫ് സിറ്റി പ്രോജക്‌ടുകളുമായി പ്രവർത്തിക്കുന്നു. എന്തായാലും സാങ്കേതികവിദ്യ വെറും യന്ത്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ചിലപ്പോൾ തകർന്ന ബന്ധങ്ങളെ പുനഃസ്ഥാപിക്കാനും അതിന് കഴിയുമെന്ന് തെളിയിക്കുകയാണ് ഈ കഥ.



