ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലെ കൃത്യതയുടെ കാര്യത്തിലും ചോദ്യത്തെ മനസിലാക്കുന്ന രീതിയിലുമെല്ലാം അമേരിക്കൻ മോഡലുകളോട് ഒപ്പത്തിനൊപ്പം നിൽക്കും ആ‌ർ വൺ- ട്രെന്‍ഡിംഗായി മാറിയ ഡീപ്‌സീക്ക് എഐ മോഡലിനെ കുറിച്ച് അരുണ്‍ രാജ് എഴുതുന്നു... 

'ഡീപ്‌സീക്ക്' എന്ന എഐ മോഡലാണ് ഇപ്പോൾ ടെക് ലോകത്തെയും സാമ്പത്തിക രംഗത്തെയും ചർച്ചാ വിഷയം. ചൈനയിൽ നിന്ന് വന്നൊരു ദാവീദ് അമേരിക്കൻ ഗോലിയത്തുമാരായ ഓപ്പൺ എഐയെയും ഗൂഗിളിനെയുമൊക്കെ തറപറ്റിച്ചുവെന്നാണ് കഥ. അതെത്രത്തോളം സത്യമാണ്. എൻവിഡിയയുടെ ഓഹരിമൂല്യം പോലും ഇടിച്ചുതാഴ്ത്താൻ മാത്രം എന്ത് അത്ഭുതമാണ് ‍ഡീപ്‌സീക്കില്‍ ഉള്ളത് ?

ഡീപ്‌സീക്ക്, ചൈനയിലെ ഒരു കുഞ്ഞൻ സ്റ്റാ‍ർട്ടപ്പിന്‍റെ പേരാണത്. ഡീപ്‌സീക്ക് നിലവിൽ വന്നത് 2023ൽ. ചൈനീസ് ഹെഡ്‌ജ് ഫണ്ടായ ഹൈ ഫ്ലയർ ആണ് കമ്പനിയുടെ പിന്നിലെ ശക്തി. ലിയാംഗ് വെൻഫെങ്കാണ് സിഇഒ. ഇവരുടെ ആദ്യ ലാർജ് ലാംഗ്വേജ് മോഡൽ പുറത്തിറങ്ങിയത് 2023 നവംബറിലായിരുന്നു. പക്ഷേ ഇപ്പോഴത്തെ വാർത്തകളുടെ കാരണഭൂതൻ ഈ വർഷം ജനുവരി 20ന് അവതരിച്ച 'ഡീപ്‌സീക്ക് ആ‌ർ 1' എന്ന മോഡലാണ്. ഓപ്പൺ എഐയുടെ എറ്റവും പുതിയ മോഡലായ ഓ വണ്ണിനോട് കിടപിടിക്കുന്ന മോഡലാണിത് എന്നതാണ് ഇപ്പോഴത്തെ 'ഹൈപ്പിന്‍റെ' കാരണം. ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലെ കൃത്യതയുടെ കാര്യത്തിലും ചോദ്യത്തെ മനസിലാക്കുന്ന രീതിയിലുമെല്ലാം അമേരിക്കൻ മോഡലുകളോട് ഒപ്പത്തിനൊപ്പം നിൽക്കും ആ‌ർ വൺ. 

ചാറ്റ് ജിപിടി എന്ന വൻമരം വീണു; അമേരിക്കൻ വിസ്മയത്തെ അടിച്ചുവീഴ്ത്തി പുത്തൻ ചൈനീസ് ആപ്പ്

ഗൂഗിൾ ഡീപ്പ്മൈൻഡ് മുതൽ ആന്ത്രോപ്പിക്കിന്‍റെ ക്ലോഡ് വരെയുള്ള മോഡലുകൾ ഇപ്പോൾ തന്നെ ഓപ്പൺ എഐയുമായി മത്സരിക്കുമ്പോൾ പുതിയൊരു മോഡലെങ്ങനെ വൈറലാകുന്നു എന്ന ചോദിച്ചാൽ ഉത്തരം 'ചിലവ്' എന്നാണ്.

എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതും, അവയെ പൊതു ഉപയോഗത്തിനായി ലഭ്യമാക്കുന്നതും വലിയ ചിലവുള്ള കാര്യമാണ്. ഓപ്പൺ എഐയും ആന്ത്രോപ്പിക്കും ഗൂഗിളുമടക്കം എല്ലാ മുൻകിട എഐ ഗവേഷണ കമ്പനികളും പരിശീലനത്തിന് ഉപയോഗിക്കുന്നത് എൻവിഡിയയുടെ വിലയേറിയ ജിപിയുകളാണ്. ഡീപ്‌മൈന്‍ഡും എൻവിഡിയയുടെ ചിപ്പുകളിൽ തന്നെയാണ് പരിശീലനം നടത്തിയത്. പക്ഷേ അവിടെയൊരു ട്വിസ്റ്റുണ്ട്.... എൻവിഡിയയുടെ എച്ച് 800 ചിപ്പുകളിലാണ് ഡീപ്‌സീക്ക് മോഡലിനെ പരിശീലിപ്പിച്ചതെന്നാണ് അവരുടെ അവകാശവാദം. ചൈനയിലേക്ക് പുത്തൻ ചിപ്പുകളുടെ കയറ്റുമതി അമേരിക്ക നിരോധിക്കും മുമ്പ് ഹൈ ഫ്ലയ‍ർ സ്വന്തം ആവശ്യത്തിനായി വാങ്ങിയ ചിപ്പുകളാണിത്. രണ്ടായിരത്തോളം എച്ച് 800 ചിപ്പുകളിലാണ് ആ‍ർ വണ്ണിനെ പരിശീലിപ്പിച്ചതെന്ന് ഡീപ്‌സീക്കിന്‍റെ റിസർച്ച് പേപ്പറിൽ അവകാശപ്പെടുന്നു. 

'ട്രംപിന്റെ എഐ പദ്ധതിക്ക് ചൈനയുടെ പണി', ഡീപ് സീക്കിന്‍റെ വരവിൽ അടിതെറ്റി അമേരിക്കൻ ഓഹരി വിപണി

ഡീപ്‌സീക്ക് പുറമേ പറയുന്ന കണക്കനുസരിച്ച് വികസന ചിലവ് ആറ് മില്യൺ ഡോളറിന് അടുത്താണ്. ഓപ്പൺ എഐയുടെ ചിലവ് ഇതിന്‍റെ പതിന്മടങ്ങാണ്. ഓപ്പൺ എഐയും ഗൂഗിളുമെല്ലാം കൂടുതൽ പുതിയ എച്ച് 100 ചിപ്പുകൾ എൻവിഡിയയുടെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടുമ്പോഴാണ് ചൈനയിൽ നിന്നൊരു മോഡൽ വന്ന് അതിനെക്കാൾ പഴയ ചിപ്പുകൾ വച്ച് ഇവരുടെ അത്രയും തന്നെ മികച്ച മോഡൽ ലഭ്യമാക്കുന്നത്. മാത്രവുമല്ല, ആർ വൺ മോഡൽ ഓപ്പൺ സോഴ്സ് ചെയ്യപ്പെട്ടതാണ്. അതായത് ആർക്കും കയറി ആ മോഡലിന്‍റെ കോഡ് പരിശോധിക്കാനും, വേണ്ട മാറ്റങ്ങൾ വരുത്തി സ്വന്തമായി മോഡൽ ഉപയോഗിക്കാനും സാധിക്കും. ഓപ്പൺ എഐയുടെ മോഡലുകളെല്ലാം ക്ലോസ്ഡ് ആണ്.

എൻവിഡിയയുടെ തന്നെ പഴയ ചിപ്പുകൾ വച്ച് ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ പുതിയ ചിപ്പുകൾക്ക് ഡിമാൻഡ് കുറയുമെന്ന കണക്കുകൂട്ടലിലാണ് അമേരിക്കൻ ഷെയർമാ‌ർക്കറ്റിലെ നിക്ഷേപകർ സ്റ്റോക്കുകൾ വിൽക്കാൻ തുടങ്ങിയതും എൻവിഡിയയുടെ ഓഹരി മൂല്യം ഇടിഞ്ഞതും. മൈക്രോസോഫ്റ്റ് ആണല്ലോ ഓപ്പൺ എഐയിലും പ്രധാന നിക്ഷേപകർ. ഡീപ്‌സീക്ക് ജ്വരം അവരെയും മാർക്കറ്റിൽ തളർത്തി. സോവിയറ്റ് യൂണിയൻ സ്പുട്നിക് എന്ന ആദ്യ കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചപ്പോൾ അമേരിക്കൻ സർക്കാ‌ർ ഞെട്ടിയത് പോലെ ഡീപ്‌സീക്കിനെ കണ്ട് അമേരിക്കയിലെ വൻകിടനിക്ഷേപകരും ഞെട്ടി. സ്റ്റോക്കിലെ ചാഞ്ചാട്ടം എൻവിഡിയ എന്ന കമ്പനിയെയും അതിന്‍റെ നേതൃത്വത്തെ ഉലച്ചിട്ടില്ല എന്നതും ശ്രദ്ധേയം. ലോകത്ത് എഐ പരിശീലിപ്പിക്കാൻ ഇപ്പോഴും എൻവിഡിയ ചിപ്പുകൾ തന്നെയാണ് എറ്റവും മികച്ചത്. കൂടുതൽ എഐ മോഡലുകൾ വരുമ്പോൾ കൂടുതൽ ചിപ്പുകൾ ആവശ്യം വരുമെന്ന് തന്നെയാണ് അവരുടെ പ്രതികരണം.

YouTube video player

നല്ല മത്സരം കാഴ്ചവയ്ക്കാൻ വന്ന പുതിയ എതിരാളിയെ സ്വാഗതം ചെയ്യുകയാണ് ഓപ്പൺ എഐ സ്ഥാപകൻ സാം ആൾട്ട്മാനും ചെയ്തത്. ചുരുങ്ങിയ ചെലവിൽ ഇത്രയും നല്ല മോഡലുണ്ടാക്കിയ സ്ഥിതിക്ക് ഞങ്ങളും കുറച്ച് പുതിയ മോഡലുകളിലൂടെ മറുപടി തരുമെന്ന സൂചനയും ആൾട്ട്മാന്‍റെ ട്വീറ്റിലുണ്ട്. ചാറ്റ് ബോട്ടുകൾക്കും ഇമേജ്, വീഡിയോ ജനറേറ്ററുകൾക്കുമപ്പുറം നി‌‌ർദ്ദേശങ്ങൾക്ക് അനുസരിച്ച് വെബ്സൈറ്റുകളിൽ സിനിമാ ടിക്കറ്റ് മുതൽ ഷോപ്പിംഗ് വരെ നടത്താൻ ശേഷിയുള്ള ഓപ്പറേറ്റർ എന്ന എഐ ടൂളിനെ ഓപ്പൺ എഐ അവതരിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. 

'സംഭവം കൊള്ളാം, പുതിയ എതിരാളികളുണ്ടാകുന്നത് നല്ലതാണ്'; ഡീപ്‌സീക്കിനെ പ്രശംസിച്ച് ഓപ്പൺ എഐ സിഇഒ

കുറ‍ഞ്ഞ ചിലവും മികവും എടുത്ത് കാണിക്കുമ്പോഴും കൂടുതൽ യൂസർമാരെ താങ്ങാൻ ഡീപ്‌സീക്കിന് ആകുന്നില്ലെന്നതും യാഥാ‌ഥ്യമാണ്. കുറച്ച് ചിപ്പുകൾ മാത്രം കൈയ്യിലുള്ളത് കൊണ്ടാകാം ഈ പ്രശ്നം. കഴിഞ്ഞ ദിവസം ഡീപ്‌സീക്ക് സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇനി പുതിയ രജിസ്ട്രേഷൻ ചെയ്യാൻ ചൈനീസ് ഫോൺ നമ്പ‌ർ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ചിലർ ഞങ്ങൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം.,

കൈയ്യടിക്കുമ്പോഴും വിശ്വാസം വരാത്ത ചിലരുമുണ്ട്. അമേരിക്കൻ വിലക്കുകള്‍ ലംഘിച്ച് ഹൈ ഫ്ലയർ കമ്പനി സ്വന്തമാക്കിയ അമ്പതിനായിരത്തിനടുത്ത് എ100 ചിപ്പുകളാണ് ഡീപ്‌സീക്കിന്‍റെ പരിശീലനത്തിനായി ഉപയോഗിച്ചതെന്നാണ് ചിലർ വാദിക്കുന്നത്. ഈ വാദത്തെ അനുകൂലിക്കുന്നവർ കഴിഞ്ഞ ഒരു വർഷത്തിനിടെ എൻവിഡിയയിൽ നിന്ന് ചിപ്പുകൾ വാങ്ങിയ കമ്പനികളുടെ പട്ടിക പരിശോധിച്ചകൊണ്ടിരിക്കുകയാണ്. അതിന്‍റെ ഫലം വൈകാതെ അറിയാം. ഇനി ഏത് ചിപ്പിൽ പരിശീലിപ്പിച്ചാലും അമേരിക്ക കഴിഞ്ഞാൽ മികച്ച എഐ മോഡലുകൾ വരുന്നത് ചൈനയിൽ നിന്നാണെന്നത് ഇന്ത്യ അടക്കം രാജ്യങ്ങൾക്ക് പാഠമാണ്.

പറയുമ്പോ ​ഗംഭീര എഐ മോഡലാണെങ്കിലും ഡീപ്‌സീക്കിന്‍റെ ആപ്പ് വഴി ചൈനയിലെ വിവാദ വിഷയങ്ങളായ ടിയാൻമെൻ സ്ക്വെയറിനെ പറ്റിയോ, ദലൈ ലാമയെ പറ്റിയോ. ഹോങ്കോങ് പ്രശ്നത്തെക്കുറിച്ചോ ചോദിച്ചാൽ ലേലു അല്ലൂന്ന് പറയും...ചൈനീസ് എഐ. എന്നാൽ ഇതേ മോഡലിനെപ്പിടിച്ച് സ്വന്തമായി റൺ ചെയ്താൽ ഉത്തരം പറയാൻ കക്ഷിക്ക് മടിയുമില്ല.