Asianet News MalayalamAsianet News Malayalam

പുതിയ ഐഫോണുകള്‍ക്ക് 'പരിഹരിക്കാത്ത ഒരു പ്രശ്നം'

പ്രമുഖ ടെക് യൂട്യൂബ് ചാനല്‍ ഫോണ്‍ബഫ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഐഫോണിന്‍റെ പുതിയ പതിപ്പിനെ വിമര്‍ശന മുനയില്‍ നിര്‍ത്തുന്നത്. 

Apple's New iPhones Have An Unfixable Problem
Author
San Francisco, First Published Oct 15, 2018, 12:21 PM IST

ആപ്പിളിന്‍റെ പുതിയ ഐഫോണുകള്‍ ലോക വിപണിയില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ പല പ്രശ്നങ്ങളും പുതിയ ഐഫോണ്‍ XS, XS മാക്സ്, XR എന്നിവയെക്കുറിച്ച് ഉയര്‍ന്നിരുന്നു. ഇവയൊക്കെ ചെറിയ പ്രശ്നങ്ങളാണെന്നാണ് ആപ്പിള്‍ പറഞ്ഞിരുന്നു. ഇത്തരം പാച്ചുകള്‍ അപ്ഡേഷനിലൂടെ പരിഹരിച്ചതായും ആപ്പിള്‍ വ്യക്തമാക്കുന്നു. ഇതിന് ഇടയിലാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

പ്രമുഖ ടെക് യൂട്യൂബ് ചാനല്‍ ഫോണ്‍ബഫ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഐഫോണിന്‍റെ പുതിയ പതിപ്പിനെ വിമര്‍ശന മുനയില്‍ നിര്‍ത്തുന്നത്.  ഐഫോണ്‍ XS, XS മാക്സ് മികച്ച സിപിയു പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നാല്‍ ബാറ്ററി ശരിക്കും ചതിക്കും ഫോണ്‍ബഫിനെ ഉദ്ധരിച്ച് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് ലഭിക്കാവുന്ന ഏറ്റവും വില കൂടിയ ഐഫോണ്‍ മോഡലുകളാണ് ഐഫോണ്‍ XS, XS മാക്സ്. അതിനാല്‍ തന്നെ ഈ ഐഫോണ്‍ മോഡലുകളുടെ പ്രധാന എതിരാളി സാംസങ്ങ് ഗ്യാലക്സി നോട്ട് 4 വച്ചാണ് ഫോണ്‍ബഫ് പരീക്ഷണം നടത്തിയത്. ഐഫോണ്‍ മോഡലുകളിലും സാംസങ്ങ് ഫോണുകളിലും ഒരേ പ്രവര്‍ത്തനങ്ങള്‍ മണിക്കൂറുകളോളം ഇവര്‍ ചെയ്തു. ഈ സമയത്ത് പ്രവര്‍ത്തന വേഗത ഐഫോണിനാണെന്ന് സൂചിപ്പിക്കുന്നുണ്ട് ഫോണ്‍ബഫ്. അവസാനം ആപ്പിള്‍ ഫോണുകള്‍ ചാര്‍ജ് തീര്‍ന്ന് സ്വിച്ച് ഓഫായി. എന്നാല്‍ അപ്പോഴും സാംസങ്ങ് നോട്ട് 9ല്‍ 37 ശതമാനം ബാറ്ററി ബാക്കിയുണ്ടായിരുന്നു.

എങ്കിലും ചില കാര്യങ്ങള്‍ ഫോണ്‍ബഫ് ചൂണ്ടികാട്ടുന്നു. അതായത് നോട്ട് 9 ന്‍റെ ബാറ്ററി ശേഷി 4000 എംഎഎച്ചാണ്, ആപ്പിള്‍ ഫോണുകളുടെത് 3,175 എംഎഎച്ചാണ്. അതായത് ആപ്പിള്‍ ബാറ്ററിയേക്കാള്‍ 20 ശതമാനം കൂടുതലാണ് നോട്ട് 9 ബാറ്ററി. പക്ഷെ ഇന്ന് ലോകത്തുള്ള ഏറ്റവും കൂടിയ റെസല്യൂഷന്‍ ഡിസ്പ്ലേകളില്‍ ഒന്നാണ് നോട്ട് 9ന് എന്നത് പരിഗണിക്കണം, ഒപ്പം നോട്ട് 9 ഉപയോഗിക്കുന്നത് സ്നാപ്ഡ്രാഗണ്‍ 845 ചിപ്പാണ്. ഇത് ആപ്പിളിന്‍റെ എ12ചിപ്പിനെക്കാള്‍ ചെറുതാണ് എന്നാണ് ആപ്പിളിന്‍റെ വാദം എന്നും ഓര്‍ക്കണം.

അപ്പോള്‍ സംശയം നീളുന്നത് ആപ്പിളിന്‍റെ ഐഒഎസ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെതിരെയാണ് എന്നാണ് ഫോണ്‍ ബഫ് പറയുന്നത്. ഇതിനെതിരെ വ്യക്തമായ ഉത്തരം ആപ്പിള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വേഗതയേറിയ ഐഒഎസ് എന്നാണ് ആപ്പിള്‍ ഐഒഎസ് 12നെ വിശേഷിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios