സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന അര്‍ദ്ധസൈനികര്‍ക്ക് വന്‍ മുന്നറിയിപ്പുമായി സൈന്യം

ദില്ലി: സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന അര്‍ദ്ധസൈനികര്‍ക്ക് വന്‍ മുന്നറിയിപ്പുമായി സൈന്യം. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കുന്ന സൈനികര്‍ക്കാണ് സൈനിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്., സ്ത്രീകളായ ഗവേഷകര്‍, ടൂറിസ്റ്റുകള്‍ എന്നപേരില്‍ വരുന്ന സൗഹൃദാഭ്യര്‍ഥനകള്‍ സ്വീകരിക്കുന്നതിനു മുന്‍പ് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. 

 മൂന്നുവര്‍ഷത്തിനിടയില്‍ ചില അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് പാകിസ്താന്‍, ചൈന എന്നിവിടങ്ങളില്‍നിന്നാണെന്ന സംശയത്തിലാണവര്‍. രഹസ്യസ്വഭാവമുള്ള സൈനികവിവരങ്ങള്‍ അറിയുന്നതിനുവേണ്ടിയാണെന്ന് സൈന്യം പറയുന്നു. ജോലിസംബന്ധിച്ച വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍, യൂണിഫോം ധരിച്ച ചിത്രങ്ങളിടുന്ന സൈനികര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ ഫ്രണ്ട് റിക്വസ്റ്റുകള്‍ അയക്കുന്നത്. 

അപരിചിതരുടെ ഇത്തരം അഭ്യര്‍ഥനകള്‍ സ്വീകരിക്കരുതെന്നും ഔദ്യോഗിക വിവരങ്ങള്‍ പ്രൊഫൈലില്‍ നല്‍കരുതെന്നും സൈനികര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്'- ഒരു ഐ.ടി.ബി.പി. ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

പ്രധാനമേഖലകളില്‍ നിയമിച്ചിരിക്കുന്ന സൈനികരുടെ ശക്തി, അവരുടെ നീക്കം, ആയുധങ്ങള്‍ എന്നിവയെക്കുറിച്ചറിയാനാണ് ഇത്തരം വ്യാജ അക്കൗണ്ടുകളില്‍നിന്ന് സൗഹൃദാഭ്യര്‍ഥന വരുന്നത്. അര്‍ധസൈനികരില്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെയും യൂണിഫോമുകള്‍ ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ടെന്നും ഇത് ഇത്തരം ചാരന്മാര്‍ക്ക് എളുപ്പവഴിയാണ് തുറന്നിടുന്നത് എന്നുമാണ് റിപ്പോര്‍ട്ട്.

സ്ത്രീയെന്നുനടിച്ച് സാമൂഹികമാധ്യമത്തിലൂടെ അടുപ്പംകാട്ടിയ രണ്ട് പാക് ഏജന്റുമാര്‍ക്ക് രഹസ്യസ്വഭാവമുള്ള വിവരം ചോര്‍ത്തിയതിന് ഈവര്‍ഷമാദ്യം ഒരു വ്യോമസേനാ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്ത സംഭവം വിവാദമായിരുന്നു.