Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ രഹസ്യം ചോര്‍ത്താന്‍; പാകിസ്ഥാന്‍ സൈബര്‍ 'തേന്‍കെണി'

നേഹ ശർമ, പൂജ രഞ്ജൻ എന്നീ പേരുകളിലുള്ള വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകളിലേക്കാണ് ചാറ്റിങ് വഴി നിഷാന്ത് വിവരങ്ങൾ കൈമാറിയിരുന്നതെന്നാണ്  അന്വേഷണ സംഘം പറയുന്നത്. ഈ പ്രൈഫൈലുകളെല്ലാം വ്യാജമാണെന്ന് വ്യക്തമാണ്

BrahMos engineer arrested for espionage may have been a target of honeytrap
Author
Nagpur, First Published Oct 11, 2018, 11:19 AM IST

നാഗ്പ്പൂര്‍: നാഗ്പ്പൂരിലെ ബ്രഹ്മോസ് യൂണിറ്റില്‍ നിന്നും വളരെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ചോര്‍ത്തി പാകിസ്ഥാന്‍ ചാരസംഘടനയ്ക്ക് നല്‍കിയതിന് നിഷാന്ത് അഗര്‍വാള്‍ എന്ന വ്യക്തി അറസ്റ്റിലായത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഈ സംഭവത്തിന് പിന്നിലുള്ള സൈബര്‍ കുരുക്കിന്‍റെ കഥകളാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. മൂന്ന് സുന്ദരിമാരുടെ അക്കൗണ്ടില്‍ നിന്നും വന്ന പ്രേരണകളാണ് രാജ്യ രഹസ്യം ചോര്‍ത്തുന്നതിലേക്ക് നിഷാന്തിനെ നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഡമ്മി മോഡലുകളെ ഉപയോഗിച്ച് ലൈംഗിക അതിപ്രസരമുള്ള വിഡിയോ കോളുകൾ വരെ പാക് ചാരസംഘടന നടത്തി പ്രലോഭിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.

നേഹ ശർമ, പൂജ രഞ്ജൻ എന്നീ പേരുകളിലുള്ള വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകളിലേക്കാണ് ചാറ്റിങ് വഴി നിഷാന്ത് വിവരങ്ങൾ കൈമാറിയിരുന്നതെന്നാണ്  അന്വേഷണ സംഘം പറയുന്നത്. ഈ പ്രൈഫൈലുകളെല്ലാം വ്യാജമാണെന്ന് വ്യക്തമാണ്. യുകെ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് കാണിച്ചാണ് യുവതികൾ യുവ ഗവേഷകരെ വീഴ്ത്തുന്നത്. ഐപി അഡ്രസ് മറച്ച് വയ്ക്കാവുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ചാറ്റുകൾ നടക്കുന്നത്. യഥാര്‍ഥ ഐപി അഡ്രസ് മറച്ചുവയ്ക്കാൻ ഇതുവഴി സാധിക്കും. 

കാനഡയിൽ പ്രതിമാസം 30,000 ഡോളർ പ്രതിഫലമുള്ള ജോലി വാഗ്ദാനം ചെയ്താണ് നിഷാന്ത് അഗർവാളിനായി സേജൽ കപൂർ എന്ന വ്യാജ യുവതി കെണിയൊരുക്കിയത്. ബ്രഹ്മോസ് മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുമ്പോൾ ഇതിനു പിന്നിലെ കെണി നിഷാന്തിന് മനസിലായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കാനഡക്കാരിയെന്ന് പരിചയപ്പെടുത്തിയ സേജൽ കപൂറുമായി നിഷാന്ത് ഫെയ്സ്ബുക്കിലൂടെ നിരന്തരം ചാറ്റ് ചെയ്തിരുന്നു. ഇവരാണ് മനംമയക്കുന്ന ഓഫർ ആദ്യം മുന്നോട്ടുവച്ചത്. പിന്നീട് തന്‍റെ മുതിർന്ന ഉദ്യോഗസ്ഥരുമായും സംസാരിക്കാമെന്ന് വ്യക്തമാക്കി ഇതിനായി സേജൽ കപൂർ നിഷാന്തിന് ഒരു ലിങ്ക് അയച്ചു കൊടുത്തു. ഈ ലിങ്ക് ക്ലിക് ചെയ്തതോടെ അതി ഭീകര മാൾവെയർ നിഷാന്തിന്‍റെ കംപ്യൂട്ടറിൽ ഡൗണ്‍ലോഡായി. 

ഇതുവഴിയാണ് നിർണായക വിവരങ്ങൾ പിന്നീട് നിഷാന്ത് പോലും അറിയാതെ ചോർത്തിയത്. നിഷാന്ത് പതിവായി ചാറ്റ് ചെയ്തിരുന്ന നേഹ ശർമയുടെ വേരുകൾ പാക്കിസ്ഥാനിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്തായാലും പാകിസ്ഥാന്‍ ഹണി ട്രാപ്പ് ഇത് ആദ്യമായല്ലെന്ന് അന്വേഷണ സംഘം ഉറപ്പിച്ച് പറയുന്നു.

മുന്‍‌പും ഇത്തരം തേന്‍കെണികള്‍ ഇന്ത്യന്‍ സൈന്യത്തിന് തലവേദനയായിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നുള്ള സുന്ദരികള്‍ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വലയിലാക്കി രഹസ്യവിവരങ്ങൾ ചോർത്തുകയാണ് ഈ സംഭവത്തിന്‍റെ അടിസ്ഥാനം. 2011 ൽ നാവികസേനാ കമാൻഡർ സുഖ്ജിന്ധർ സിങ്ങിന്റെ റഷ്യൻ യുവതിയുമായുള്ള രഹസ്യ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു.

ചാറ്റ് ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിച്ചാണ് രഹസ്യങ്ങൾ ചോർത്തുന്നത്. ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമായതോടെ ഐഎസ്ഐ ചാരൻമാരുടെയും ഹാക്കർമാരുടെ സൈബർ ആക്രമണം ശക്തമായിട്ടുണ്ട്. സോഷ്യൽമീഡിയകളിൽ കെണിയൊരുക്കി രാജ്യത്തെ രഹസ്യങ്ങൾ ചോർത്താനാണ് ഇവരുടെ നീക്കം. സാധാരണക്കാരെ പോലും ഹണി ട്രാപിനായി ഇവർ ഉപയോഗപ്പെടുത്തുന്നുണ്ട്.

അടുത്തിടെ സാജിദ് റാണ, ആബിദ് റാണ എന്നീ രണ്ടു പാക്കിസ്ഥാനികൾ ഐഎസ്ഐയുടെ സഹായത്തോടെ ഇന്ത്യൻ രഹസ്യങ്ങൾ ചോർത്താൻ കെണിയൊരുക്കിയിരുന്നു. ചാറ്റിങ് ആപ്പുകളായിരുന്നു ഇവരുടെ പ്രധാന കെണി. എന്നാൽ ഈ നീക്കം ഇന്ത്യ നേരത്തെ കണ്ടെത്തി തകർത്തു.

Follow Us:
Download App:
  • android
  • ios