ന്യൂയോര്‍ക്ക്: ഫോണുകള്‍ പൊട്ടിത്തെറിക്കുന്ന കാലമാണ് ഇത്. പൊട്ടിത്തെറി പ്രശ്നം പരിഹരിച്ച് എത്തിയ സാംസങ്ങ് ഗ്യാലക്സി നോട്ട് 7 അമേരിക്കന്‍ വിമാനത്തില്‍ വച്ച് വീണ്ടും പൊട്ടിത്തെറിച്ചത് അടുത്ത ദിവസമാണ്. എന്നാല്‍ ഇതാ ഒരു വെടിയുണ്ടയില്‍ നിന്നും ഒരു വ്യക്തിയെ രക്ഷിച്ചിരിക്കുകയാണ്, ഒരു ഫോണ്‍. സ്മാര്‍ട്ട് ഫോണ്‍ ഒന്നുമല്ല.. ഒരു പാവം നോക്കിയ 301.
മൈക്രോസോഫ്റ്റ് ജീവനക്കാരന്‍ പീറ്റര്‍ സ്കില്‍മാന്‍ ആണ് ആദ്യമായി ഒരു നോക്കിയ 301 ഫോണ്‍ വെടിയുണ്ടയെ തടുത്ത ചിത്രങ്ങള്‍ പുറത്തുവിട്ടത്. വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ട വ്യക്തി അഫ്ഗാനിസ്ഥാനില്‍ ആണെന്നും പീറ്റര്‍ പറയുന്നു. ഇതോടെ സോഷ്യല്‍ മീഡിയയിലെ നോക്കിയ ആരാധകര്‍ സടകുടഞ്ഞ് എഴുന്നേറ്റു, പൊട്ടിത്തെറിക്കുന്ന ഫോണുകള്‍ക്ക് ഇടയില്‍ ജീവന്‍ രക്ഷിക്കുന്ന ഫോണ്‍ ആണ് നോക്കിയ എന്നാണ് ചിലരുടെ അഭിപ്രായം.
