ഇ-വാലറ്റുകള്‍ വ്യാപകമാകുകയാണ്

ബാങ്കുകള്‍ വഴിയുള്ള പണമിടപാടുകള്‍ക്കും, ഡെബിറ്റ് കാര്‍ഡുോകള്‍ക്കും അപ്പുറം ഇന്ന് ഇ-വാലറ്റുകള്‍ പ്രചാരം നേടുകയാണ്. സാധാരണ നാടുകളിലെ മൊബൈല്‍ റീചാര്‍ജ് കടകളില്‍ പോലും ഇവിടെ പേടിഎം സ്വീകരിക്കും എന്ന ബോര്‍ഡ് സാധാരണമായി വരുകയാണ്. അതായത് ഡെബിറ്റ് കാര്‍ഡ് എടുക്കുന്നതിന് ഒപ്പം തന്നെ മൊബൈല്‍ മണിയുടെ കാലത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

പേടിഎം, ഫ്രീചാര്‍ജ്, മൊബീക്വിക്ക് എന്നിങ്ങനെ തുടങ്ങുന്ന ഇ-വാലറ്റുകള്‍ക്ക് പുറമേ, ഏയര്‍ടെല്ലും, അവസാനം ഇറങ്ങിയ ജിയോ വരെ തങ്ങളുടെ ഇ-വാലറ്റുകളുമായി രംഗത്തുണ്ട്. പണം പേഴ്സില്‍ കൊണ്ടുനടക്കാതെ മൊബൈല്‍ഫോണില്‍ നിന്നും ആവശ്യക്കാരന് അത്യവശ്യത്തിന് പണം കൈമാറുകയോ സാധനം വാങ്ങുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ച് കാശ് നല്‍കുകയോ ചെയ്യുന്ന സംവിധാനമാണ് ഇ-വാലറ്റുകള്‍. കൃത്യമായി പറഞ്ഞാല്‍ ഭൌതികമായി പണം ഉപയോഗിക്കുന്നില്ല, പകരം വെര്‍ച്വലായി പണം കൈമാറുകയാണ് ഇവിടെ.

ഇപ്പോള്‍ വലിയ നോട്ടുകള്‍ താല്‍കാലികമായി പിന്‍വലിക്കുന്നതോടെ നമ്മുടെ മൊബൈലുകള്‍ പേഴ്സായി മാറും എന്ന് നിശ്ചയം. യൂബര്‍ പോലുള്ള ടാക്സി സര്‍വ്വീസുകള്‍ ഇപ്പോള്‍ തന്നെ പേടിഎം ഉപയോഗിക്കുന്നുണ്ട്.

ഇ-വാലറ്റുകളുടെ ഉപയോഗം

ഇന്ന് മൊബൈലില്‍ അനവധിയായ ആപ്പുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ട്, ഇതുപോലെ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം. അതിന് ശേഷം ഇതില്‍ റജിസ്ട്രര്‍ ചെയ്ത ശേഷം നിങ്ങളുടെ ഏതെങ്കിലും അക്കൌണ്ടില്‍ നിന്നും ഇ-വാലറ്റിലേക്ക് കുറച്ച് പണം മാറ്റാം. അതേ നാം ബാങ്കില്‍ നിന്നോ എടിഎമ്മില്‍ നിന്നോ പണം പിന്‍വലിച്ചാല്‍ അത് പേഴ്സില്‍ സൂക്ഷിക്കും പോലെ.

ഇ-വാലറ്റുകളുടെ പലതുണ്ടെങ്കില്‍ അതില്‍ പേടിഎം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നമ്മുക്ക് നോക്കാം,

പേടിഎം ആപ്പ് തുറന്ന് ‘പേ ഓർ സെൻഡ്’ അമർത്തി ബില്ലിങ് കൗണ്ടറിൽ വച്ചിരിക്കുന്ന ബോർഡിലെ ക്യൂആർ കോഡിലേക്ക് ഫോൺ കാണിക്കുക. പിന്നീട് എത്ര തുക കൈമാറണമെന്ന് അടിക്കുക മാത്രമേ വേണ്ടൂ. കടക്കാരന് അപ്പോൾത്തന്നെ കാശുകിട്ടും.

രണ്ടാമത്തെ വഴി കടക്കാരന്‍റെ പേടിഎം ബന്ധിത മൊബൈൽ നമ്പർ വാങ്ങി അത് ഇതിൽ ടൈപ്പ് ചെയ്തും തുക കൈമാറാം.. ഇവിടെയും ചില്ലറതപ്പിയും നല്ലനോട്ട് തപ്പിയുമുള്ള പ്രശ്നങ്ങളുണ്ടാകുന്നില്ല. അഞ്ചുരൂപയാണെങ്കിൽ പോലും ഇങ്ങനെ കൈമാറ്റം ചെയ്യാം

സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങിയശേഷം പേടിഎം ആണെന്നു പറഞ്ഞാൽ അവർ നമ്മുടെ മൊബൈൽ നമ്പർ ബില്ലിങ് മെഷിനിൽ അടിക്കുമ്പോൾ വൺടൈം പാസ്‌വേഡ് അപ്പോൾത്തന്നെ മൊബൈലിലെത്തും. ഇത് അവരോട് പറയുക, അത്രമാത്രമേ വേണ്ടൂ പണം കൈമാറപ്പെടും. സൂപ്പർമാർക്കറ്റിലെ ഓഫർ കൂടാതെ പേടിഎം വക ക്യാഷ്ബാക്കും കിട്ടുകയും ചെയ്യും.

ഫ്ലിപ്കാർട്ട്, ആമസോൺ, ഇ-ബേ പോലെയൊക്കെ ഷോപ്പിങ്ങും നടത്താം. വസ്ത്രവും ഇലക്ട്രോണിക് സാധനങ്ങളും ഉൾപ്പെടെ വൻ ശേഖരം തന്നെ ഇതിലുണ്ട്. ബസ്-ട്രെയിൻ-വിമാന ടിക്കറ്റും ഇതുവഴി ബുക്ക് ചെയ്യാം. അതിനും എപ്പോഴും ഓഫറുകളുണ്ടാവും.

4 പേർ പേടിഎം വഴി ടിക്കറ്റെടുത്ത് സിനിമക്ക് പോയാൽ ഒരാൾക്ക് നിലവിൽ ടിക്കറ്റുതുക സൗജന്യമാണ്. ഒരു മാസം പതിനായിരം രൂപയിൽക്കവിഞ്ഞുള്ള ക്രയവിക്രയം നടത്തണമെങ്കിൽ മാത്രം വിലാസവും ഫോട്ടോയും നൽകണം. ആപ്പിലൂടെതന്നെ അപേക്ഷ നൽകിയാൽ അടുത്തദിവസം ഏജന്റ് നമുക്ക് അടുത്തെത്തി ഇവ ശേഖരിക്കും.