ലോകത്തെ ഏറ്റവും വലിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിക്ഷേപിച്ചു. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെയാണ് ഭീമൻ റോക്കറ്റ് കുതിച്ചുയർന്നത്. ടെസ്‌ല കാറും വഹിച്ചായിരുന്നു ഭീമൻ റോക്കറ്റിന്‍റെ ആദ്യ പരീക്ഷണ കുതിപ്പ്. ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്‍ററിലെ 39എ ലോഞ്ച് പാഡിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. 

പരീക്ഷണ വിക്ഷേപണത്തില്‍ ഫാല്‍ക്കണ്‍ ഹെവിയില്‍ 27 എൻജിനുകളാണ് ഉപയോഗിച്ചത്. പുനരുപയോഗിക്കാവുന്ന മൂന്ന് ഭാഗങ്ങളും ഇതിലുണ്ടായിരുന്നു. ഇത് ഭൂമിയിലേക്ക് തിരിച്ചിറങ്ങിയതും ഫാല്‍ക്കണ്‍ ഹെവിയുടെ വൻ വിജയമായി കരുതുന്നു. 18 ബോയിംങ് 747 വിമാനങ്ങള്‍ക്ക് തുല്യമായ 2500 ടണ്‍ ഊര്‍ജ്ജമാണ് ഈ കൂറ്റന്‍ റോക്കറ്റിന്‍ഫഫെ വിക്ഷേപണത്തിനിടെ എരിഞ്ഞു തീർന്നത്. 63,500 കിലോഗ്രാം ചരക്ക് ഭൂമിയില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശേഷി ഈ ഫാല്‍ക്കണ്‍ ഹെവിക്കുണ്ട്.

ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണത്തിനും മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തിരിച്ചിറങ്ങലുകള്‍ക്കും സാക്ഷ്യം വഹിക്കാൻ നിരവധി പേരാണ് കെന്നഡി സ്പെയ്സ് സെന്ററിൽ എത്തിയത്.