ദില്ലി: മിശ്രവിവാഹിതര്‍ക്കെതിരെ കൊലവിളി നടത്തിയ ‘ഹിന്ദുത്വ വ്രത’ എന്ന പേജ് ഫേസ്ബുക്ക് പൂട്ടിച്ചു. ഈ പേജിനെതിരെ ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വന്നിരുന്നു. മിശ്രവിവാഹം കഴിച്ചവരുടെ വിവരങ്ങള്‍ എങ്ങനെയാണ് ലഭിച്ചതെന്ന് പേജില്‍ പറയുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പേജിന്റെ അഡ്മിന്‍ സതീഷ് ട്വിറ്ററിലൂടെ താനാണ് പേജ് നിയന്ത്രിക്കുന്നതെന്ന് അറിയിച്ചതോടെ വിവാദം ആളിക്കത്തി.

പട്ടികയില്‍ പേരുള്ള പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ ഇരകളാണെന്നും അവരെ വിവാഹം കഴിച്ചവരെ കൊല്ലണമെന്ന് ‘ഹിന്ദു സിംഹ’ങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. ഹിന്ദുത്വം സംരക്ഷിക്കണമെങ്കില്‍ മുസ്ലീങ്ങളെ കൊല്ലണമെന്നാവശ്യപ്പെട്ട് മുന്‍പും ഈ പേജില്‍ പോസ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്. എങ്ങനെ തോക്കുപയോഗിക്കാമെന്ന് അച്ഛന്‍ മകളെ പഠിപ്പിക്കുന്ന വീഡിയോ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഈ പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങളെ അനുകൂലിച്ചും പോസ്റ്റുകള്‍ ഇതില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മുസ്ലീം വിരുദ്ധ പോസ്റ്റിനെതിരെ നിരവധിപേര്‍ രംഗത്ത് വന്നു. ഹിന്ദുത്വ സംഘടനകളൊന്നും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹിന്ദുത്വ വ്രത പേജ് തുറക്കാനാകാത്ത അവസ്ഥയിലാണ്.