സിലിക്കണ്‍ വാലി: ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമമാണ് ഫേസ്ബുക്ക്. 200 കോടിയില്‍ ഏറെ അംഗങ്ങള്‍ ഉള്ള ഫേസ്ബുക്ക്, ഒരു സോഷ്യല്‍ മീഡിയ എന്നതിനപ്പുറം ജീവിതത്തിന്‍റെ ഏല്ലാ മേഖലകളിലും ഇടപെടുന്ന രീതിയിലേക്ക് വളരാനുള്ള ശ്രമത്തിലാണ്. അതിനാല്‍ തന്നെയാണ് പുതിയ സാങ്കേതക വിദ്യകള്‍ അവര്‍ സ്വന്തമാക്കുകയും. അവരുടെ കൈയ്യിലുള്ള വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യുന്നത്.

എന്നാല്‍ അടിസ്ഥാനപരമായി ഫേസ്ബുക്ക് ഇന്നും ആളുകളെ ബന്ധിപ്പിക്കുന്ന ഒരു ഇടമാണ്. ഈ ദൗത്യം പലപ്പോഴും സ്വയം ഓര്‍മ്മിപ്പിക്കുന്നയാളാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ്. എന്നാല്‍ ഈ ദൗത്യം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് ഫേസ്ബുക്ക് വീണ്ടും. അടുത്തിടെ ഫേസ്ബുക്ക് ഫീഡുകളില്‍ പരസ്യങ്ങളും, ബ്രാന്‍റുകളും, ന്യൂസ് ലിങ്കുകളും നിറയുന്നെന്നും അതിനാല്‍ തങ്ങള്‍ക്ക് കുടുംബപരമായും, വ്യക്തിപരമായും ലഭിക്കേണ്ട പോസ്റ്റുകള്‍ കാണുന്നില്ലെന്ന് പല ഉപയോക്താക്കളും പരാതി ഉയര്‍ത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് ആഗോള വ്യാപകമായി നടത്തിയ പഠനത്തിന്‍റെ ഫലമായി തങ്ങളുടെ അല്‍ഗോരിതം മാറ്റുകയാണ് ഫേസ്ബുക്ക്. ഇത് പ്രകാരം ന്യൂസ് ഫീഡുകളില്‍ നിന്ന് പരസ്യങ്ങളും ബ്രാന്‍റ് പ്രമോഷനുകളും ഒഴിഞ്ഞ് നില്‍ക്കും. മാത്രമല്ല ഒരു ഉപയോക്താവ് സ്ഥിരമായി കാണുകയോ, അല്ലെങ്കില്‍ ഇടപെടുകയോ ചെയ്യുന്ന വിഷയങ്ങള്‍ സംബന്ധിച്ച പോസ്റ്റുകളായിരിക്കും ഇനി ലഭിക്കുക.

എന്നാല്‍ ഓണ്‍ലൈന്‍ ബ്രാന്‍റിംഗ് നടത്തുന്നവര്‍ക്കും, മാധ്യമങ്ങള്‍ക്കും ഇത് വലിയ തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തല്‍. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വര്‍ഷത്തെ ഫേസ്ബുക്കിന്‍റെ ഏറ്റവും വലിയ മാറ്റം പ്രഖ്യാപിച്ചത്.