എഐയുടെ തലതൊട്ടപ്പനായ യാൻ ലെകുൻ, ലാർജ് ലാംഗ്വേജ് മോഡലുകളുടെ (LLM) ന്യൂനതകൾ ചൂണ്ടിക്കാട്ടുന്നു. ഗണിത, നിയമ പരീക്ഷകളിൽ വിജയിച്ചേക്കാമെങ്കിലും, ഡ്രൈവിംഗ് പോലുള്ള യഥാർത്ഥ ലോകത്തെ അടിസ്ഥാന പ്രവർത്തനങ്ങളിൽ എഐ ഇപ്പോഴും പരാജയപ്പെടുന്നു.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലെ (എഐ) ലാർജ് ലാംഗ്വേജ് മോഡലുകളുടെ (LLM) ന്യൂനതകൾ ചൂണ്ടിക്കാട്ടി എഐയുടെ തലതൊട്ടപ്പന്മാരിൽ ഒരാളായ യാൻ ലെകുൻ. ഗണിത പരീക്ഷണങ്ങളിലും അഭിഭാഷക പരീക്ഷകളിലും എഐ വിജയിച്ചേക്കാമെന്നും എന്നാൽ യാഥാർഥ്യ ലോകത്തെ ചില അടിസ്ഥാന പ്രവർത്തനങ്ങളിൽ അവ ഇപ്പോഴും പരാജയപ്പെടും എന്നും അദേഹം പറഞ്ഞു. 2026-ലെ ഇന്ത്യ എഐ ഇംപാക്‌ട് സമിറ്റിൽ സംസാരിക്കുമ്പോഴാണ് മുൻ മെറ്റ എഐ ശാസ്ത്രജ്ഞനും ആധുനിക കൃത്രിമ ബുദ്ധിയുടെ പിതാവുമായ യാൻ ലെകുൻ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. വലിയ ഭാഷാ മോഡലുകൾ അത്യന്തം പ്രയോജനകരമാണ് എന്നത് യാൻ ലെകുൻ അംഗീകരിച്ചു. പക്ഷേ ഡ്രൈവിംഗ് പോലുള്ള കാര്യങ്ങൾ ഉൾപ്പെടെ മനുഷ്യർ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന കഴിവുകൾ എഐ ഇപ്പോഴും കൈവരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
മുന്നറിയിപ്പുമായി യാൻ ലെകുൻ
എഐ സംവിധാനങ്ങൾ അഭിഭാഷക പരീക്ഷ പാസാകുകയും ഗണിത ഒളിമ്പ്യാഡുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നുവെങ്കിലും യാഥാർഥ്യ ബുദ്ധിയിൽ വലിയ വിടവ് തുടരുന്നതായി ലെകുൻ ചൂണ്ടിക്കാട്ടി. "17 വയസുള്ള ഒരു യുവാവ് 20 മണിക്കൂർ പരിശീലനത്തോടെ സ്വയം ഡ്രൈവിംഗ് പഠിക്കുന്നതുപോലെ പഠിക്കാൻ കഴിയുന്ന സ്വയം നിയന്ത്രിത വാഹനങ്ങൾ നമുക്ക് ഇപ്പോഴും ഇല്ല” യാൻ ലെകുൻ പറഞ്ഞു. ഇവിടെ നമുക്ക് നഷ്ടമായിരിക്കുന്നത് വളരെ വലിയ ഒരു കാര്യമാണെന്നും അദേഹം കൂട്ടിച്ചേർത്തു.
എഐ വിവര ശേഖരണത്തിലും നിരൂപണത്തിലും മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും പക്ഷേ ഭൗതിക ലോകത്തെ യഥാർത്ഥമായി മനസിലാക്കാനുള്ള കഴിവ് കുറവാണെന്നും യാൻ ലെകുൻ വിശദീകരിച്ചു. ലാർജ് ലാംഗ്വേജ് മോഡലുകളെ അദ്ദേഹം അച്ചടിയന്ത്രത്തിന്റെ പരിണാമഘട്ടമായി വിശേഷിപ്പിച്ചു. ഇത് വിവരങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്ന ഒരു സംവിധാനമാണെന്നും യാൻ ലെകുൻ പറഞ്ഞു.
മനുഷ്യരും മൃഗങ്ങളും നിരീക്ഷണത്തിലൂടെയും പരസ്പര ഇടപെടലുകളിലൂടെയും ‘മാനസിക മാതൃകകൾ’ രൂപപ്പെടുത്തിയാണ് പഠിക്കുന്നതെന്ന് ലെകുൻ പറഞ്ഞു. ഇതിലൂടെ അവർ ഭാവിയിലെ ഫലങ്ങൾ പ്രവചിക്കുകയും പുതിയ സാഹചര്യങ്ങളോട് ഇണങ്ങുകയും ചെയ്യുന്നു. അതേസമയം, എഐക്ക് സങ്കീർണ്ണവും അനിശ്ചിതത്വമുള്ളതുമായ സാഹചര്യങ്ങളിൽ ഇപ്പോഴും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ല എന്നും ഇത് റോബോട്ടിക്സിനും സ്വയം നിയന്ത്രിത വാഹനങ്ങൾക്കും ഒരു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂയോർക്ക് യൂണിവേഴ്സിയിലെ പ്രൊഫസറായ ലെകുൻ, ഓപ്പൺ എഐയുടെ എജിഐ അവകാശവാദങ്ങളെയും ചോദ്യം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഓപ്പൺ എഐ ഉപാധ്യക്ഷനായ സെബാസ്റ്റ്ൻ ബുബെക്കിനോടുള്ള സംവാദത്തിന് ഇടയിലാണ് അദ്ദേഹം ഗവേഷണ സുതാര്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. എജിഐ ഒരു കമ്പനിയിലൂടെ മാത്രമോ ഒറ്റപ്പെട്ട കണ്ടെത്തലിലൂടെ മാത്രമോ ഉണ്ടാകില്ലെന്നും ഓപ്പൺ എഐക്ക് നവീകരണത്തിൽ ഏകാധിപത്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.



