ഗൂഗിളിന്‍റെ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് വീണ്ടും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. പഴയ ക്രോം വേര്‍ഷനുകള്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യാന്‍ CERT-IN-ന്‍റെ നിര്‍ദേശം. 

ദില്ലി: ഗൂഗിളിന്‍റെ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് വീണ്ടും ഇന്ത്യയില്‍ സുരക്ഷാ മുന്നറിയിപ്പ്. ക്രോമിലെ സുരക്ഷാ പിഴവ് സംബന്ധിച്ച് സെപ്റ്റംബര്‍ മാസം രണ്ടാം തവണയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-IN) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വിന്‍ഡോസ്, മാക്, ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്.

പ്രശ്‌നം ക്രോമിന്‍റെ ഏതൊക്കെ വേര്‍ഷനുകളില്‍?

അതീവ സുരക്ഷാ പ്രാധാന്യമുള്ള മുന്നറിയിപ്പാണ് ഇന്ത്യയിലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്കായി സെര്‍ട്ട്-ഇന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്‍റെ മുന്നറിയിപ്പ്. ക്രോമിലെ സുരക്ഷാ പിഴവിലൂടെ ഹാക്കര്‍മാര്‍ക്ക് ഡിവൈസുകളിലേക്ക് കടന്നുകയറാനും വ്യക്തി വിവരങ്ങളടക്കം മോഷ്‌ടിക്കാനും കഴിയും. ഇന്ത്യയില്‍ ക്രോം വിന്‍ഡോസിലും മാക്കിലും ലിനക്‌സിലും ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഈ സെര്‍ട്ട്-ഇനിന്‍റെ ഈ സുരക്ഷാ മുന്നറിയിപ്പ് ബാധകമാണ്. ഗൂഗിൾ ക്രോമിൽ ചില ദുർബലതകൾ നിലനിൽക്കുന്നു. ഇത് മുതലാക്കി ഹാക്കര്‍മാര്‍ക്ക് ചൂഷണം ചെയ്യാന്‍ കഴിയുമെന്നും 2025 സെപ്റ്റംബര്‍ 18ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ഈ സുരക്ഷാ പഴുതിനെ കുറിച്ച് ക്രോം അധികൃതരും കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ക്രോമിന്‍റെ ഏതൊക്കെ വേര്‍ഷനുകളാണ് അപകടാവസ്ഥയിലുള്ളത് എന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വ്യക്തമാക്കി. വിന്‍ഡോസിലും മാക്കിലും 140.0.7339.185/.186-ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പുകൾ, ലിനക്‌സില്‍ 140.0.7339.185-ന് മുമ്പുള്ള ക്രോം പതിപ്പുകള്‍ എന്നിവയാണ് അപകടത്തിലായിരിക്കുന്നത്.

എങ്ങനെ അപകടം ഒഴിവാക്കാം

ഗൂഗിള്‍ ക്രോമില്‍ തിരിച്ചറിഞ്ഞിരിക്കുന്ന സുരക്ഷാ പഴുതുകള്‍ അടയ്‌ക്കാനുള്ള ഏക മാര്‍ഗം നിങ്ങള്‍ ഉപയോഗിക്കുന്ന ക്രോം പതിപ്പ് അപ്‌ഡേറ്റ് ചെയ്യുക എന്നതാണ്. വിന്‍ഡോസ്, മാക് സിസ്റ്റങ്ങളില്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാനായി എന്താണ് ചെയ്യേണ്ടത് എന്ന് ഉപയോക്താക്കള്‍ അറി‌ഞ്ഞിരിക്കണം. ക്രോം ബ്രൗസര്‍ തുറന്ന് സ്‌ക്രീനിന്‍റെ വലത് വശത്ത് ഏറ്റവും മുകളിലായി കാണുന്ന മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ (...) ക്ലിക്ക് ചെയ്യുക. അതിന് ശേഷം ഹെല്‍പ് (Help) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഹെല്‍പ്പില്‍ പ്രവേശിച്ച് എബൗട്ട് ഗൂഗിള്‍ ക്രോം (About Google Chrome) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ ക്രോം ലഭ്യമായ അപ്‌ഡേറ്റുകള്‍ ഓട്ടോമാറ്റിക്കായി പരിശോധിക്കുകയും അത് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming