റിയാദ്: ഗൂഗിളിന്‍റെ സഹായത്തോടെ സൗദിയില്‍ പ്രാചീന ശിലരൂപങ്ങള്‍ കണ്ടെത്തി ശാസ്ത്രകാരന്മാര്‍. ഗൂഗിള്‍ എര്‍ത്ത് ഇമേജറി വഴിയാണ് ഇതുവരെ എവിടെയും രേഖപ്പെടുത്താത്ത മരുഭൂമിയിലെ 400 ശിലരൂപങ്ങളെ കണ്ടെത്തിയത്. ഗേറ്റ്സ് എന്നാണ് ഈ ശിലാരൂപത്തിന് നല്‍കിയിരിക്കുന്ന പേര്.

സൗദിയിലെ മരുഭൂമിയിലെ അനേകം തരിശ്ശായ മലകള്‍ ഉണ്ട്. ഇതില്‍ പലതും ഇതുവരെ ഒരു പുരാവസ്തുഗവേഷണവും നടക്കാത്തതാണ്. ഇവയില്‍ കണ്ടെത്തിയ പുതിയ ശിലരൂപങ്ങളെക്കുറിച്ച് പഠനം ആവശ്യമാണെന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട വേസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകന്‍ ഡേവിഡ് കെന്നഡി പറയുന്നു.

മുകളില്‍ നിന്ന് നോക്കുമ്പോള്‍ അടച്ചിട്ട ഗേറ്റ് പോലെയാണ് ഇവയെ കാണപ്പെടുന്നു എന്നതിനാലാണ് പ്രഥമികമായി ഗേറ്റ് എന്ന പേര് നല്‍കിയത്. മനുഷ്യര്‍ ജീവിച്ചിരുന്ന സ്ഥലങ്ങളാണ് ഇവിടെയുള്ളത് എന്ന് പറയാന്‍ കഴിയില്ലെങ്കിലും, ചിലപ്പോള്‍ കല്ലറകള്‍ ആയിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ശിലരൂപങ്ങളുടെ യഥാര്‍ത്ഥ ഉപയോഗം എന്താണെന്നത് ഇപ്പോഴും അജ്ഞാതമാണെന്ന് ഡേവിഡ് കെന്നഡി പറയുന്നു.

2,000 മുതല്‍ 9,000 വര്‍ഷം എങ്കിലും ഈ ശിലരൂപങ്ങള്‍ക്ക് പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.