സിലിക്കണ്‍വാലി: ശമ്പളത്തില്‍ വിവേചനം കാണിച്ചുവെന്ന് ആരോപിച്ച് ഗൂഗിളിനെതിരെ പരാതിയുമായി വനിതാ ജീവനക്കാര്‍ രംഗത്ത്. താരതമ്യം ചെയ്യുമ്പോള്‍ ഒരേ ജോലിക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് കൊടുത്തിരിക്കുന്നത്. അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ കോടതിയില്‍ വച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 

ഗൂഗിളില്‍ സോഫ്റ്റര്‍വെയര്‍ എന്‍ജിനിയര്‍, കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ്, മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ മുമ്പ് ജോലി ചെയ്തിരുന്ന വനിത ജീവനക്കാരാണ് ടെക് ഭീമനെതിരെ കേസുമായി രംഗത്ത് വന്നിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് കമ്പനിയായ ഗുഗിള്‍ സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ കാലഘട്ടത്തിന്‍റെ നിലവാരത്തേലേക്ക് എത്തിയിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു.

ഗൂഗിളിന് പുറമെ അമേരിക്കയിലെ മറ്റ് ടെക് കമ്പനികള്‍ക്കെതിരെയും ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ടെക് അതികായന്‍ മൈക്രോസോഫ്റ്റ്, സാമൂഹിക മാധ്യമമായ ട്വിറ്റര്‍, ക്വാല്‍കോം എന്നിവര്‍ക്കെതിരെയാണ് വനിതകള്‍ക്കെതിരെ വിവേചനം നടത്തുന്നുവെന്ന് ആരോപണങ്ങളുയര്‍ന്നത്. നേരത്തെ ഇതേ ആരോപണത്തില്‍ ക്വാല്‍കോം കഴിഞ്ഞ വര്‍ഷം 19.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഇത്തരമൊരു കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.