വാട്സാപ്പിലെ ഫാമിലി ഗ്രൂപ്പിൽ ചിത്രങ്ങള്‍ ഇട്ടതിന്‍റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി

സോനിപ്പത്ത്: വാട്സാപ്പിലെ ഫാമിലി ഗ്രൂപ്പിൽ ചിത്രങ്ങള്‍ ഇട്ടതിന്‍റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപ്പത്തിലാണു സംഭവം. ലവ് എന്ന ഇരുപതുകാരനെയാണ് കൊലപ്പെടുത്തിയത്. ലവിന്റെ സഹോദരൻ അജയ്‍യുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. 

അത്താഴത്തിനു ശേഷമെടുത്ത ചില ചിത്രങ്ങൾ അറിയാതെ വാട്സാപ്പിൽ പങ്കുവയ്ക്കപ്പെടുകയായിരുന്നെന്നു അജയ് എഎന്‍ഐയോട് പറയുന്നു. ചിത്രങ്ങൾ കണ്ടതിനു പിന്നാലെ ശിഖ കോളനിവാസിയും ഗ്രൂപ്പ് അംഗവുമായ ദിനേഷ് ഇരുവരെയും വീട്ടിലേക്കുവിളിപ്പിച്ചു. 

വീട്ടിൽവച്ച് വാക്കുതർക്കമുണ്ടായി. ഇരുമ്പുവടികൊണ്ടും ഇഷ്ടിക കൊണ്ടും ലവിനെയും അജയ്‍യെയും മർദിച്ചു. ലവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അജയ് പരുക്കുകളോടെ ആശുപത്രിയിലാണ്. ദിനേഷിനും കുടുംബത്തിനുമെതിരെ പരാതി റജിസ്റ്റർ ചെയ്തു. ദിനേഷ് ഒളിവിലാണ്.