ന്യൂഡല്‍ഹി: 5ജി സംവിധാനത്തിലേക്ക് ചുവടുവച്ച് ഇന്ത്യ. 2020 ഓടെ രാജ്യത്ത് 5ജി സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു.

വിവിധ മേഖലകളില്‍ ഡിജിറ്റല്‍ വല്‍ക്കരണം വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചതാണ് 5ജിയിലേക്ക് ഉറ്റു നോക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. 500 കോടി രൂപ ചെലവില്‍ 5 ജി സംവിധാനം നിലവില്‍ വരുന്നതോടെ സാന്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ജിഡിപി ഉയരുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാന്പത്തിക രംഗം പൂര്‍ണമായും ഡിജിറ്റലാകുന്നതിനും 5ജി വഴിവയ്ക്കുമെന്ന് മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.

വിവിധ വകുപ്പു സെക്രട്ടറിമാര്‍, വിഷയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചിരിക്കുന്നത്. 2020ല്‍ രാജ്യമെങ്ങും 5 ജി സംവിധാനം എത്തിക്കുന്നതിനുള്ള പദ്ധതി രൂപരേഖ തയ്യാറാക്കുകയാണ് സമിതിയുടെ ലക്ഷ്യം. സമിതിക്ക് വേണ്ട പിന്തുണ നല്‍കാന്‍ ഉപസമിതികളും രൂപീകരിക്കും.