ഇസ്രയേല്‍ വീടുകളിലെ സുരക്ഷാ-നിരീക്ഷണ ക്യാമറകള്‍ ഇറാന്‍ ഹാക്ക് ചെയ്യുന്നതായി വാര്‍ത്ത 

ടെല്‍ അവീവ്: ഇസ്രയേല്‍-ഇറാന്‍ വ്യോമ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്നതിനിടെ സൈബര്‍ ആക്രമണവും വ്യാപകം. ഇസ്രയേലിലെ സ്ഥിതിഗതികള്‍ ചോര്‍ത്താന്‍ വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ ഇറാന്‍ ചോര്‍ത്തുന്നതായി രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിലെ സൈനിക മുന്നേറ്റം അറിയാനും, ഇറാന്‍ അയക്കുന്ന മിസൈലുകളുണ്ടാക്കുന്ന നാശനഷ്ടം വിലയിരുത്താനും, ആക്രമണങ്ങളുടെ കൃത്യത ഉറപ്പിക്കുന്നതിനും വേണ്ടിയാണ് ഇറാന്‍ പിന്തുണയുള്ള സൈബര്‍ ഗ്രൂപ്പുകള്‍ ക്യാമറകള്‍ ഹാക്ക് ചെയ്യുന്നത് എന്നാണ് ആരോപണം.

വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ ഓഫ് ചെയ്യുകയോ അവയുടെ പാസ്‌വേഡ് മാറ്റുകയോ വേണമെന്ന് ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് കഴിഞ്ഞ തിങ്കളാഴ്‌ച ഒരു മുന്‍ ഇസ്രയേലി സൈബര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ റേഡിയോയിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 'ഇസ്രയേലില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനും, എവിടെയൊക്കെയാണ് മിസൈലുകള്‍ പതിക്കുന്നത് എന്ന് അറിയാനും, ആക്രമണങ്ങളുടെ കൃത്യത ഉറപ്പിക്കാനും രണ്ടുമൂന്ന് ദിവസങ്ങളായി ഇറാനികള്‍ സിസിടിവി സംവിധാനത്തില്‍ നുഴഞ്ഞുകയറ്റം നടത്തുകയാണ്'- എന്ന് ഇസ്രയേല്‍ ദേശീയ സൈബര്‍ ഡയറക്‌ടറേറ്റിന്‍റെ ഡപ്യൂട്ടി ഡയറക്ടര്‍ ജനറലായിരുന്ന റെഫേല്‍ ഫ്രാന്‍കോയുടെ വാക്കുകളിലുണ്ടായിരുന്നു. ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ക്യാമറകളാണ് ഹാക്ക് ചെയ്യപ്പെടുന്നതെന്ന് ഇസ്രയേല്‍ സൈബര്‍ ഡയറക്ടറേറ്റ് വക്താവും വ്യക്തമാക്കി.

മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷങ്ങളില്‍ സൈബര്‍ ആക്രമണങ്ങളും പെരുകുകയാണ്. ഇസ്രയേല്‍ അനുകൂല ഹാക്കിംഗ് സംഘമായ 'പ്രെഡേറ്ററി സ്പാരോ' (Predatory Sparrow) അടുത്തിടെ ഇറാന്‍റെ പ്രധാന സര്‍ക്കാര്‍ ബാങ്കുകളിലൊന്നായ സെപാ ബാങ്കും, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചും (നൊബിടെക്സ്) ഹാക്ക് ചെയ്‌തതായും സ്തംഭിപ്പിച്ചതായും അവകാശപ്പെട്ടിരുന്നു. നൊബിടെക്സ് ഹാക്ക് ചെയ്ത് 90 മില്യണ്‍ യുഎസ് ഡോളര്‍ തട്ടിയെടുത്തു എന്നായിരുന്നു പ്രെഡേറ്ററി സ്പാരോയുടെ അവകാശവാദം.

ഇറാന്‍റെ തന്ത്രപ്രധാന സംവിധാനങ്ങളില്‍ സമ്പൂര്‍ണ സൈബര്‍ ആക്രമണം ഇസ്രയേല്‍ അഴിച്ചുവിട്ടതായാണ് ഇറാന്‍ ദേശീയ ടെലിവിഷന്‍ ഐആര്‍ഐബി റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ഇസ്രയേൽ ഹാക്ക് ചെയ്തതായും ഇതിനിടെ ആരോപണമുയര്‍ന്നു. ശിരോവസ്ത്രം ധരിക്കാതെ ഭരണകൂടത്തിനെതിരെ സ്ത്രീകൾ നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യം സ്റ്റേറ്റ് ടെലിവിഷനിൽ വന്നതിന് പിന്നാലെയാണ് ഇറാന്‍റെ വിശദീകരണം. ഇസ്രയേലി ഹാക്കർമാർ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിൽ നുഴഞ്ഞുകയറി സംപ്രേഷണം തടസ്സപ്പെടുത്തി എന്നാണ് ആരോപണം.

അതേസമയം, ഇസ്രയേലിന്‍റെ കരുത്തുറ്റ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോം ഹാക്ക് ചെയ്തെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. നിരീക്ഷണ ക്യാമറകള്‍ ഹാക്ക് ചെയ്താണ് ഇസ്രയേലിലെ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിടുന്നത് എന്നും ആരോപിക്കപ്പെടുന്നു.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News